തിരഞ്ഞെടുപ്പ് ചട്ടലംഘനം; കാരണം കാണിക്കണം-ജില്ലാ കലക്ടര്‍
തിരഞ്ഞെടുപ്പ്ചട്ടം മറികടന്നുള്ള പ്രചാരണരീതികള്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ ബന്ധപ്പെട്ട രാഷ്ട്രീയകക്ഷി നേതൃത്വങ്ങള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും കാരണംകാണിക്കുന്നതിന് രേഖാമൂലം ആവശ്യപ്പെട്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും മാധ്യമ നിരീക്ഷണ കമ്മിറ്റി ചെയര്‍മാനുമായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. പണംനല്‍കി വാര്‍ത്താരൂപത്തില്‍ പരസ്യങ്ങള്‍ നല്‍കിയതായി സംശയിക്കുന്നതിലുള്ള വിശദീകരണമാണ് തേടിയത്. മറുപടി പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ചേമ്പറില്‍ ചേര്‍ന്ന അടിയന്തര എം.സി.എം.സി യോഗത്തില്‍ തീരുമാനിച്ചു. തിരഞ്ഞെടുപ്പ്ചട്ടം കര്‍ശനമായി പാലിക്കുന്നുവെന്ന് രാഷ്ട്രീയകക്ഷി നേതൃത്വങ്ങളും സ്ഥാനാര്‍ഥികളുമെല്ലാം പ്രത്യേകം ശ്രദ്ധിക്കണം. ലംഘനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും ജില്ലാ കലക്ടര്‍ നല്‍കി.
കമ്മിറ്റിയുടെ മെമ്പര്‍ സെക്രട്ടറിയായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, അംഗങ്ങളായ സബ് കലക്ടര്‍ അഖില്‍ വി. മേനോന്‍, മാധ്യമപ്രവര്‍ത്തകനായ ഇഗ്നേഷ്യസ് പെരേര, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ പി. എസ്. സുമല്‍ കുമാര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.എസ്. പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments