Skip to main content

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവർക്ക് തപാൽ വോട്ട് ഉറപ്പാക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്ലിയറിംഗ് സെന്ററുകൾ

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്കും  പോലീസുകാർക്കും തപാൽ വോട്ട് രേഖപ്പെടുത്തുന്ന പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കാൻ പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. 

തപാൽ ബാലറ്റുകളുടെ നീക്കം സുരക്ഷിതവും വേഗത്തിലുമാക്കാൻ ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്.  

​ 24 മണിക്കൂറും
​തപാൽ ബാലറ്റുകളുടെ കൈമാറ്റത്തിനായി സംസ്ഥാന-മേഖലാ-ജില്ലാ തലങ്ങളിൽ പ്രവർത്തിക്കുന്ന ക്ലിയറിംഗ് സെന്ററുകൾ  24 മണിക്കൂറും പ്രവർത്തിക്കും.
 ബാലറ്റുകളുടെയും ഫോമുകളുടെയും കൈമാറ്റം കൃത്യമായ ഇടവേളകളിൽ ഉറപ്പാക്കാൻ പ്രതിദിനം മൂന്ന് ഷിഫ്റ്റുകളിലായി (രാവിലെ 6:00, ഉച്ചയ്ക്ക് 2:00, രാത്രി 10:00) ഇവ ശേഖരിക്കും. റിട്ടേണിംഗ് ഓഫീസർമാർ ഈ സമയക്രമം പാലിച്ചു വേണം മെറ്റീരിയലുകൾ ഏറ്റുവാങ്ങേണ്ടത്.  

​വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ (VFC)

​തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവർക്കായി താഴെ പറയുന്ന ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്:
​പ്രവർത്തന സമയം: രാവിലെ 7:00 മുതൽ വൈകുന്നേരം 6:00 വരെ.  
​ഏപ്രിൽ 6, 7 തീയതികളിൽ: എല്ലാ പരിശീലന കേന്ദ്രങ്ങളിലും  വോട്ട് രേഖപ്പെടുത്താൻ സൗകര്യമുണ്ടാകും. അവസാനഘട്ട സംശയനിവാരണ ക്ലാസുകളും ഇതോടൊപ്പം നടക്കും.  
​ഏപ്രിൽ 8-ന്: വിതരണ കേന്ദ്രങ്ങളിൽ  കൂടുതൽ ടീമുകളെ വിന്യസിച്ച് വി.എഫ്.സി.കൾ പ്രവർത്തിക്കും.  

​വോട്ടർമാരെ സഹായിക്കുന്നതിനായി വി.എഫ്.സി.കളിൽ പ്രത്യേക ഹെൽപ്പ് ഡെസ്കുകളും ദിശാസൂചന ബോർഡുകളും സ്ഥാപിക്കും. കൂടാതെ, എല്ലാ റിട്ടേണിംഗ് ഓഫീസർമാരുടെയും ഓഫീസുകളിൽ ഏപ്രിൽ 8 വരെ പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്.

 വോട്ട് രേഖപ്പെടുത്താൻ എത്തുന്ന ഉദ്യോഗസ്ഥർ മൊബൈൽ ഫോണുകൾ സെന്ററിന് പുറത്ത് നിശ്ചയിച്ചിട്ടുള്ള കൗണ്ടറുകളിൽ ഏൽപ്പിക്കേണ്ടതാണ്.  

​ഫോം 12 സമർപ്പിച്ചിട്ടുള്ള അർഹരായ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും നിശ്ചിത കേന്ദ്രങ്ങളിൽ വോട്ട് രേഖപ്പെടുത്താം. ഇവർക്കുള്ള ബാലറ്റ് പേപ്പറുകൾ കൃത്യസമയത്ത് ലഭ്യമാക്കാൻ ജില്ലാ പോലീസ് മേധാവിമാരുമായി ഏകോപനം നടത്താൻ ജില്ലാ വരണാധികാരി നിർദ്ദേശം നൽകി.  

​തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ടവർക്ക് തങ്ങളുടെ വോട്ടവകാശം തടസ്സമില്ലാതെ വിനിയോഗിക്കാൻ ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു. മാർഗനിർദ്ദേശങ്ങളിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

date