പെരുമാറ്റ ചട്ടലംഘന ആരോപണം: അന്വേഷണം ആരംഭിച്ചു
പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണലൂർ നിയോജകമണ്ഡലത്തിൽ പെരുമാറ്റ ചട്ടം ലംഘിച്ച് വോട്ടർമാരെ സ്വാധീനിക്കുന്നതിന് പലചരക്ക് സാധനങ്ങൾ കിറ്റുകളിലാക്കി സൂക്ഷിക്കുന്നുവെന്ന ആരോപണത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇലക്ഷൻ കമ്മീഷൻ ഫ്ലൈയിംഗ് സ്ക്വാഡ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ പരാതിയിലാണ് വാടാനപ്പിള്ളി പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി വാടാനപ്പിള്ളി ചാമ്പ്യൻസ് ട്രേഡേഴ്സ് എന്ന സ്ഥാപനത്തിൽ നിന്ന് ഇലക്ഷൻ ഫ്ലൈയിംഗ് സ്ക്വാഡ് പരിപ്പ്, പയർ, മുതിര എന്നിവ ഉൾപ്പെടെ ഏകദേശം 72,542 രൂപ വിലമതിക്കുന്ന വസ്തുക്കൾ പിടിച്ചെടുത്തു.
തൃശ്ശൂർ നിയോജകമണ്ഡലത്തിൽ നിന്നും ലഭിച്ച സമാനമായ പരാതിയിലും തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. പരിശോധന കർശനമാക്കുന്നതിന് മണലൂർ, തൃശൂർ നിയോജകമണ്ഡലങ്ങളിൽ അധികമായി ഫ്ലൈയിംഗ് സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്.
വോട്ടർമാരെ നിയമവിരുദ്ധമായി സ്വാധീനിക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും വിട്ടുനിൽക്കണമെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണെമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കലക്ടറുമായ ശിഖ സുരേന്ദ്രൻ അറിയിച്ചു.
- Log in to post comments