നിയമസഭാ തിരഞ്ഞെടുപ്പ് : ശരിയായി വോട്ട് രേഖപ്പെടുത്താം
നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പോളിങ്ങ് ബൂത്തിലെത്തുമ്പോഴുള്ള സംശയങ്ങൾ സ്വാഭാവികമാണ്. ഇനി സംശയങ്ങൾ ഇല്ലാതെ വോട്ട് രേഖപ്പെടുത്താം.
വോട്ട് ചെയ്യാൻ തയ്യാറാണ്
വോട്ടിംഗ് കമ്പാർട്ട്മെന്റിന് മുന്നിൽ എത്തുമ്പോൾ മൂന്നാം പോളിംഗ് ഓഫീസർ ബാലറ്റ് യുണിറ്റ് വോട്ടിങ്ങിന് സജ്ജമാക്കും. അപ്പോൾ ബാലറ്റ് യൂണിറ്റിലെ 'റെഡി' ലൈറ്റ് പ്രകാശിക്കും.
താങ്കളുടെ വോട്ട് രേഖപ്പെടുത്തുക
ബാലറ്റ് യൂണിറ്റിൽ നിങ്ങൾ തിരഞ്ഞെടുത്ത സ്‌ഥാനാർത്ഥിയുടെ പേരിന്റെയും ചിഹ്നത്തിന്റെയും നേരെയുള്ളതോ നോട്ടക്ക് നേരെയുള്ളതോ ആയ നീല ബട്ടണിൽ അമർത്തി വോട്ട് ചെയ്യാം.
ലൈറ്റ് കാണുക
ബട്ടൺ അമർത്തിയ സ്ഥാനാർത്ഥിയുടെ പേരിനോ ചിഹ്നത്തിനോ നോട്ടക്ക് നേരെയുള്ളതോ ആയ ചുവന്ന ലൈറ്റ് പ്രകാശിക്കും.
വോട്ട് പരിശോധിച്ച് ഉറപ്പാക്കുക
തിരഞ്ഞെടുത്ത സ്ഥാനാർത്ഥിയുടെയോ നോട്ടയുടെയോ ക്രമ നമ്പർ, പേര്, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് സ്ലിപ്പ് വിവിപാറ്റ് പ്രിന്റ് ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യും. ഏഴ് സെക്കൻഡ് സമയത്തേക്ക് ഗ്ലാസിലൂടെ സ്ലിപ്പ് കാണാൻ സാധിക്കും. പ്രിൻ്റ് ചെയ്‌ത സ്ലിപ്പ് വിവിപാറ്റിൽ സുരക്ഷിതമായിരിക്കും.
ബീപ്പ് ശബ്‌ദം കേൾക്കുക
കൺട്രോൾ യുണിറ്റിൽ നിന്നുള്ള 'ബീപ്പ് ശബ്ദം കേട്ടാൽ വോട്ട് വിജയകരമായി രേഖപ്പെടുത്തി എന്ന് ഉറപ്പുവരുത്താം. വിവിപാറ്റിൽ ബാലറ്റ് സ്ലിപ്പ് കാണാതിരിക്കുകയോ ഉയർന്ന ശബ്ദത്തിൽ ഉള്ള 'ബീപ്പ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ ഉടൻ പ്രിസൈഡിങ് ഓഫീസറെ ബന്ധപ്പെടുക.
- Log in to post comments