പോളിംഗ് കിറ്റിലുള്ളത് 113 സാമഗ്രികള്‍
തീപ്പെട്ടി മുതല്‍ കാഴ്ചപരിമിതര്‍ക്കുള്ള ബെയ്‌ലി ബാലറ്റ് വരെ നീളുന്ന വൈവിധ്യമാണ് തിരഞ്ഞെടുപ്പ് സാമഗ്രികളുമായി പുറപ്പെടുന്ന ഉദ്യോഗസ്ഥരുടെ പെട്ടിയില്‍. ആകെ 113 എണ്ണം. ഒരു പോളിംഗ് ബൂത്തിലെ ആകെ വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിയ 17 സി ഫോം, വോട്ടര്‍മാരുടെ വിവരങ്ങള്‍ അടങ്ങിയ 17 എ രജിസ്റ്റര്‍ പലതരം ഫോമുകള്‍ അടങ്ങിയ ബുക്ക് ലെറ്റ് , ഇതര തിരഞ്ഞെടുപ്പ് രേഖകള്‍ തുടങ്ങിയവയുണ്ട്. വൈദ്യുതിതടസംനേരിട്ടാല്‍ ഉപയോഗിക്കാനുള്ള മെഴുകുതിരിയും പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ സീല്‍ ചെയ്യുമ്പോള്‍ ഉരുകുന്ന സീലിംഗ് മെഴുകില്‍ പതിപ്പിക്കുന്ന മെറ്റല്‍ സീല്‍, ഉത്തരവുകള്‍, നോട്ടീസുകള്‍ എന്നിവയില്‍ മുദ്രണം ചെയ്യാന്‍ ഉപയോഗിക്കുന്ന റബര്‍സീലുകള്‍ എന്നിവയും ഉള്‍പ്പെടുന്നു. ഡമ്മി ബാലറ്റ് യൂണിറ്റ്, വോട്ടിംഗ് കമ്പാര്‍ട്ട്‌മെന്റ്, പാക്കിംഗ് പേപ്പര്‍ ഷീറ്റ് എന്നിവയും.
വോട്ടിംഗ്‌യന്ത്രങ്ങളുടെ സ്വീകരണകേന്ദ്രത്തില്‍ സമര്‍പ്പിക്കുന്നതിന് ആവശ്യമായ വിവിധനിറങ്ങളിലുള്ള 30 തരം കവറുകള്‍, ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും സീല്‍ചെയ്യാനുള്ള പിങ്ക് പേപ്പര്‍ സീല്‍, മോക്‌പോള്‍ നടത്തിയതിനുശേഷം വോട്ടിംഗ് യന്ത്രങ്ങള്‍ സീല്‍ ചെയ്യുന്നതിനുള്ള പച്ചനിറത്തിലുള്ള പേപ്പര്‍ സീല്‍, വോട്ടിങ്ങുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വിവരിക്കുന്ന കൈപുസ്തകം എന്നിവയും പെട്ടിയിലുണ്ട്.
പോളിംഗ് കിറ്റുകളുമായാണ് ഉദ്യോഗസ്ഥര്‍ നിശ്ചിതകേന്ദ്രങ്ങളിലേക്കെത്തിയത്. ജില്ലയിലെ 2256 പോളിംഗ് ബൂത്തുകളില്‍ ഓരോ ബൂത്തുകളിലേക്കും ഒരു കണ്‍ട്രോള്‍ യൂണിറ്റ്, ഒരു ബാലറ്റ് യൂണിറ്റ്, ഒരു വി വിപാറ്റ് എന്നിവ ഉള്‍പ്പെട്ട ഒരു ഇവിഎം ആണ് നല്‍കിയത്.
- Log in to post comments