സ്കൂളുകള്‍ക്കും പാര്‍പ്പിട പാര്‍പ്പിടേതര കെട്ടിടങ്ങള്‍ക്കുമുള്ള പൊതു മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍:
1. കെട്ടിടത്തിന്റെ ഉള്‍ഭാഗവും പരിസരവും സദാ വൃത്തിയായി സൂക്ഷിക്കുക. മുറ്റം, നടപ്പുവഴി എന്നിവിടങ്ങളില്‍ നിന്നും കാടുപടലങ്ങളും ചപ്പുചവറുകളും നീക്കം ചെയ്യുക.
2. കെട്ടിടങ്ങള്‍ക്ക് സമീപം ഇഷ്ടിക, വിറക്, കല്ലുകള്‍, പാഴ് വസ്തുക്കള്‍ എന്നിവ വലിച്ചെറിയുകയോ അലക്ഷ്യമായി കൂട്ടിയിടുകയോ അരുത്. ഇത്തരം വസ്തുക്കള്‍ കൃത്യമായി അടുക്കി വയ്ക്കുക. മഴയുള്ളപ്പോഴും വെളിച്ചമില്ലാതെയും കുട്ടികളെ ഒറ്റയ്ക്ക് അതിനടുത്തു പോകാന്‍ അനുവദിക്കരുത്. വീടിനു പുറത്ത് ശേഖരിച്ച വിറക്, വെളിച്ചമുള്ള സമയത്ത് മാത്രം ശ്രദ്ധയോടെ അകത്തേക്ക് എടുക്കുക, അസമയങ്ങളിലും ഇരുട്ടിലും അതിന് മുതിരാതിരിക്കുക.
3. ഭക്ഷണാവശിഷ്ടങ്ങള്‍ ശരിയായി സംസ്കരിക്കുക, കാരണം ഏതെങ്കിലും ഭക്ഷ്യ അവശിഷ്ടങ്ങളുടെ സാന്നിധ്യം എലികളെ ആകര്‍ഷിക്കും. എലിയുടെ സാന്നിധ്യം തീര്‍ച്ചയായും പാമ്പുകളെ ആകര്‍ഷിക്കും.
4. കെട്ടിടത്തിന് മുകളിലേക്ക് വളര്ന്നുനില്ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ നീക്കം ചെയ്യുക, വീടിനു മുകളിലേക്ക് പടര്‍ത്തിയ വള്ളിച്ചെടികള്‍ ജനല്‍, എയര്ഹോള് എന്നിവയിലേക്ക് എത്താത്ത വിധം ക്രോപ്പ് ചെയ്യുക. അങ്ങനെ അവ മരംകയറാന്‍ കഴിയുന്ന പാമ്പുകള്‍ക്ക് കെട്ടിടങ്ങളിലേക്ക് പ്രവേശിക്കാന്‍ സൗകര്യമാകാത്ത വിധം സംവിധാനിക്കുക.
5. ഡ്രെയിനേജ് പൈപ്പുകള്‍ ശരിയായി മൂടി സംരക്ഷിക്കണം, കാരണം തുറന്ന പൈപ്പുകളിലൂടെ പാമ്പുകള്‍ക്ക് കെട്ടിടത്തിലേക്ക് പ്രവേശിക്കാം.
6. കെട്ടിടത്തിന്റെ മുന്‍, പിന്‍വാതിലുകളുടെ കീഴെ വിടവ് ഇല്ലാത്ത തരത്തിലുള്ള പാളിയും കട്ടിളയും ആകണം. കാരണം വാതിലിനു താഴെയുള്ള ഇടുങ്ങിയ വിടവിലൂടെ പാമ്പുകള്‍ക്ക് കെട്ടിടത്തിലേക്ക് പ്രവേശിക്കാം.
7. കെട്ടിടത്തിന്റെ പരിസരത്ത് എലികളുടെയും ഉരഗങ്ങളുടെയും വാസസ്ഥലമാകാവുന്ന എല്ലാ മാളങ്ങളും മറ്റ് പ്രവേശന സ്ഥാനങ്ങളും സുരക്ഷിതമായി അടച്ചു സീല്‍ ചെയ്യുക.
8. രാത്രികളില്‍ കാല്‍നടയാത്രക്ക് ലൈറ്റ്/ ടോര്‍ച്ച് നിര്‍ബന്ധമായും ഉപയോഗിക്കുക. വീടിന്റെ മുറ്റമുള്‍പ്പെടെ താമസിക്കുന്ന സ്ഥലത്താകമാനം നല്ല വെളിച്ചം ഉറപ്പാക്കുക.
9. വീടിനു പുറത്തുവച്ച ഷൂ, ചെരുപ്പ് എന്നിവ ധരിക്കുമ്പോള്‍ അതിനുള്ളില്‍ ചെറിയ പാമ്പുകളോ മറ്റ് ജീവികളോ ഇല്ല എന്നുറപ്പ് വരുത്തുന്നത് ശീലമാക്കുക. കുട്ടികളെയും ഇത് ശീലിപ്പിക്കുക. ഷൂവിനുള്ളില്‍ കൈ കടത്താതെ നിലത്ത് കൊട്ടി വേണമിത് ചെയ്യാന്‍.
10. വീടിന് മുന്നില്‍ വെച്ച ചെറിയ ചെടിച്ചട്ടികള്‍ ശ്രദ്ധിക്കുക. ഗേറ്റ് ഉണ്ടെങ്കില്‍ പോലും അതിന് കീഴിലെ വിടവിലൂടെ അകത്തെത്താവുന്ന ചെറിയ പാമ്പുകള്‍ ചെടിച്ചട്ടിക്ക് കീഴില്‍ ചുരുണ്ടുകൂടാം.
11. പാമ്പിന് കുഞ്ഞുങ്ങള്‍ ജനിച്ച് കുറച്ചുനാള്‍ സ്വന്തമായി ടെറിട്ടറി കണ്ടെത്തി ആധിപത്യം സ്ഥാപിക്കുന്നതിനുള്ള നിരന്തര യാത്രയായിരിക്കും. അതുകൊണ്ടു തന്നെ അവയെ പുറത്തുകാണാന്‍ സാധ്യത കൂടുതലാണ്. ഫെബ്രുവരി ഇടവപ്പാതി കാലത്ത് ഇങ്ങനെ പാമ്പിന് കുഞ്ഞുങ്ങളെ കാണാറുണ്ട്.
- Log in to post comments