Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ നാളെ  രാവിലെ എട്ടിന് ആരംഭിക്കും

 

 

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ (മെയ് നാല്) രാവിലെ എട്ടിന് ആരംഭിക്കും. ഗവ. വിക്ടോറിയ കോളേജ് പാലക്കാട്, എന്‍.എസ്.എസ് എഞ്ചിനീയറിങ് കോളേജ് അകത്തേത്തറ, മൗണ്ട് സീന പബ്ലിക് സ്‌കൂള്‍ പത്തിരിപ്പാല എന്നിങ്ങനെ ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളിലായാണ് 12 നിയോജക മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നടക്കുക. അന്നേദിവസം രാവിലെ 7.30ന് സ്ഥാനാര്‍ഥികള്‍/ഏജന്റുമാരുടെ സാന്നിധ്യത്തില്‍ സ്‌ട്രോംഗ് റൂം തുറക്കും. തുടര്‍ന്ന് എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ ബാലറ്റുകളും പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ (ഇ.വി.എം) വോട്ടുകളുമാണ് എണ്ണുക.  പോസ്റ്റല്‍ ബാലറ്റുകള്‍ പൂര്‍ത്തിയായതിന് ശേഷമേ വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണി തുടങ്ങുകയുള്ളുവെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

 

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച നിരീക്ഷകരുടെയും സ്ഥാനാര്‍ഥികള്‍/ ഏജന്റുമാരുടെയും സാന്നിധ്യത്തിലാണ് വോട്ടെണ്ണല്‍ നടക്കുക. മൈക്രോ ഒബ്സര്‍വര്‍മാരെയും എ.ആര്‍.ഒ മാരെയും നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ നിലവില്‍ ഗവ. വിക്ടോറിയ കോളേജ് പാലക്കാട്, എന്‍.എസ്.എസ് എഞ്ചിനീയറിങ് കോളേജ് അകത്തേത്തറ, മൗണ്ട് സീന പബ്ലിക് സ്‌കൂള്‍ പത്തിരിപ്പാല എന്നീ കേന്ദ്രങ്ങളിലെ സ്ട്രോംഗ് റൂമുകളില്‍ 24 മണിക്കൂര്‍ സുരക്ഷയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

 

വോട്ടെണ്ണല്‍ കേന്ദ്രത്തിന് അകത്തേക്കുള്ള മൊബൈല്‍ ഫോണ്‍ പ്രവേശനം റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. മറ്റു ഉദ്യോഗസ്ഥര്‍ക്ക് മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കുന്നതിനായി പ്രവേശന കവാടത്തില്‍ പ്രത്യേക കൗണ്ടറുകള്‍ സ്ഥാപിക്കും. എല്ലാ ടേബിളുകളും മുഴുവന്‍ കാണത്തക്ക രീതിയിലാണ് സി.സി.ടി.വി ക്യാമറ സ്ഥാപിക്കുക. വോട്ടെണ്ണല്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കാന്‍ മീഡിയ സെന്റര്‍ ഉള്‍പ്പെടെ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കും.

 

ഓരോ നിയോജകമണ്ഡലങ്ങളിലെയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന അഞ്ചുവീതം പോളിങ് സ്റ്റേഷനുകളിലെ വി.വി പാറ്റ് സ്ലിപ്പുകളാണ്  എണ്ണുന്നത്്. നിരീക്ഷകരുടെയും സ്ഥാനാര്‍ഥികള്‍/ ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ നറുക്കെടുപ്പിലൂടെയാണ് ഈ ബൂത്തുകള്‍ തിരഞ്ഞെടുക്കുക.

 

date