*പരിശീലനം പൂര്‍ത്തിയാക്കിയ 60 സബ് ഇന്‍സ്‌പെക്ടര്‍മാര്‍കൂടെ പോലീസ് സേനയിലേക്ക്*
*പരിശീലനാര്‍ത്ഥികളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി*
തൃശ്ശൂര്‍ കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 32-എ ബാച്ചിലെ 60 സബ് ഇന്‍സ്‌പെക്ടര്‍ പരിശീലനാര്‍ത്ഥികളുടെ പാസിംഗ് ഔട്ട് പരേഡ് കേരള പോലീസ് അക്കാദമി മുഖ്യ പരേഡ് ഗ്രൗണ്ടില്‍ നടന്നു. ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍ മുഖ്യാതിഥിയായി പങ്കെടുത്ത് കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു. അക്കാദമി ഡയറക്ടര്‍ സേതുരാമനും ഉന്നത പോലീസ് ഇദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ (ഔട്ട്‌ഡോര്‍) സി.പി അജിത്ത് കുമാര്‍ പരിശീലനാര്‍ത്ഥികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പരിശീലനത്തില്‍ വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയവര്‍ക്ക് സംസ്ഥാന പോലീസ് മേധാവി ട്രോഫികള്‍ സമ്മാനിച്ചു. ബെസ്റ്റ് ഔട്ട്‌ഡോറും ബെസ്റ്റ് ഷൂട്ടറുമായി എം.പി നവനീത്, ബെസ്റ്റ് ഇന്‍ഡോറായി കെ.പി കീര്‍ത്തനയും ബെസ്റ്റ് ഓള്‍റൗണ്ടറായി ബേസില്‍ പോള്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. കെ എ പി-2 ബറ്റാലിയന്‍ ബാന്‍ഡ് മാസ്റ്റര്‍ സബ് ഇന്‍സ്‌പെക്ടര്‍ പി.വി സുബേഷ്, കെ എ പി-3 ബറ്റാലിയന്‍ ബാന്റ് മാസ്റ്റര്‍ സബ് ഇന്‍സ്‌പെക്ടര്‍ എം.കെ ശശി എന്നിവരുടെ നേതൃത്വത്തിലുള്ള ബാന്റ് സംഘം പരേഡിന് താള വാദ്യ അകമ്പടി സേവിച്ചു.
2025 ഏപ്രില്‍ മൂന്നിനാണ് 32-എ ബാച്ച് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരുടെ പരിശീലനം കേരള പോലീസ് അക്കാദമിയില്‍ ആരംഭിച്ചത്. ഒരു വര്‍ഷക്കാലത്തെ അടിസ്ഥാന പരിശീലനത്തിന്റെ ഭാഗമായി ഇവര്‍ക്ക് ഔട്ട്‌ഡോര്‍ വിഭാഗത്തില്‍ പരേഡ്, ശാരീരികക്ഷമത പരിശീലനം എന്നിവയ്ക്ക് പുറമേ ഷീല്‍ഡ് ആന്‍ഡ് ലത്തി ഡ്രില്‍, വണ്‍ മിനിറ്റ് ഡ്രില്‍, സെറിമോണിയല്‍ ഡ്രില്‍, സ്വോര്‍ഡ് ഡ്രില്‍, കെയിന്‍ ഡ്രില്‍, മോബ് ഓപ്പറേഷന്‍, ഒബ്സ്റ്റക്കിള്‍ കോഴ്‌സ്, ഫീല്‍ഡ് ക്രാഫ്റ്റ് ആന്‍ഡ് മാപ്പ് റീഡിംഗ്, ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍, കരാട്ടേ, യോഗ, നീന്തല്‍, ഡ്രൈവിംഗ് എന്നിവയിലും വിദഗ്ധ പരിശീലനം നല്‍കിയിട്ടുണ്ട്. കൂടാതെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിന്റെ കീഴില്‍ കമാന്റോ ട്രെയിനിംഗ്, ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയിനിംഗ്, കോസ്റ്റല്‍ സെക്യൂരിറ്റി ട്രെയിനിംഗ് എന്നിവയിലും അത്യാധുനിക ആയുധങ്ങളായ എ കെ 47, താര്‍, ഇന്‍സാസ്, എസ്എല്‍ആര്‍, എല്‍എംജി, ഗ്ലോക്ക്, പിസ്റ്റള്‍, 9 എം എം പിസ്റ്റള്‍, കാര്‍ബൈന്‍ എന്നിവയില്‍ ഫയറിംഗ് പരിശീലനവും നല്‍കിയിട്ടുണ്ട്.
ഇന്‍ഡോര്‍ വിഭാഗത്തില്‍ ഇന്ത്യന്‍ ഭരണഘടന, ഭാരതീയ ന്യായ സന്‍ഹിത, ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത, ഭാരതീയ സാക്ഷ്യ അധിനിയം, മറ്റ് നിയമങ്ങള്‍, പോലീസ് സ്റ്റേഷന്‍ മാനേജ്‌മെന്റ്, ട്രാഫിക്ക് മാനേജ്‌മെന്റ്, കേസന്വേഷണം, വി.ഐ.പി ബന്തവസ്സ്, ഇന്റേണല്‍ സെക്യൂരിറ്റി, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ഫോറന്‍സിക് സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലീജന്റ്‌സ് ഇന്‍ പോലീസിംഗ്, ഫോറന്‍സിക് മെഡിസിന്‍, കംപ്യൂട്ടര്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍, ക്രിമിനോളജി, പീനോളജി, വിക്ടിമോളജി, സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, ജെന്‍ഡര്‍ ന്യൂട്രല്‍സ് തുടങ്ങിയവരോടുള്ള പെരുമാറ്റം, പരിസ്ഥിതിക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയല്‍, ഫസ്റ്റ് എയ്ഡ് തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്സ് റൂം പരിശീലനവും നല്‍കിയിട്ടുണ്ട്. കൂടാതെ പ്രളയ കെടുതികള്‍ പോലുള്ള പ്രകൃതി ദുരന്തങ്ങളില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് എന്ന വിഷയത്തില്‍ ഇവര്‍ക്ക് നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സിലെ വിദഗ്ദ്ധര്‍ പ്രായോഗിക പരിശീലനം നല്‍കിയിട്ടുണ്ട്.
കോസ്റ്റല്‍ സെക്യൂരിറ്റി പ്രായോഗിക പരിശീലനം കൊച്ചി നേവല്‍ ബേസിലും, ഫോര്‍ട്ട് കൊച്ചി തീരദേശ പോലീസ് സ്റ്റേഷനിലും, ഫോറന്‍സിക് മെഡിസിന്‍ പ്രായോഗിക പരിശീലനം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ലഭ്യമാക്കിയിരുന്നു. അരീക്കോട് എസ്ഒജി ക്യാമ്പില്‍ 15 ദിവസത്തെ ഭീകര വിരുദ്ധ പരിശീലനവും ഇടുക്കിയിലെ കുട്ടിക്കാനത്ത് 5 ദിവസത്തെ ഹൈ ആള്‍ട്ടിട്ട്യൂഡ് പരിശീലനവും നല്‍കി.
നവകേരള സൃഷ്ടിക്കായി പോലീസിന്റെ തൊഴില്‍ വൈദഗ്ദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിനും പൊതുജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനും പോലീസിന്റെ ആപ്തവാക്യമായ 'മൃദു ഭാവേ ദൃഢ കൃത്യേ' അന്വര്‍ത്ഥമാക്കുന്നതിനും ഉതകുന്ന രീതിയിലുള്ള പരിശീലനമാണ് പരിശീലന കാലയളവില്‍ നല്‍കിയിട്ടുള്ളത്. 60 പരിശീലനാര്‍ത്ഥികളില്‍ 47 പുരുഷന്മാരും 13 വനിതകളും ഉള്‍പ്പെടുന്നു. ഇവരില്‍ 13 പേര്‍ വിവാഹിതരാണ്. പരിശീലനം പൂര്‍ത്തിയാക്കി കേരള പോലീസിന്റെ ഭാഗമാകുന്ന 32 ബാച്ചിലും ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള നിരവധി പേരാണുള്ളത്. 12 പി.ജി ബിരുദമുളളവരും 25 ബിരുദമുള്ളവരും ഒരു എം.ബി.എ, രണ്ട് എം ടെക്ക്, 20 ബിടെക്ക് ബിരുദം നേടിയവരും ഉള്‍പ്പെടുന്നു.
*32 ബാച്ച് സബ് ഇന്‍സ്‌പെക്ടര്‍ പരിശീലനാര്‍ത്ഥികളുടെ ജില്ല തിരിച്ചുള്ള എണ്ണം*
തിരുവനന്തപുരം - 7
കൊല്ലം - 7
പത്തനംതിട്ട - 1
ആലപ്പുഴ - 3
കോട്ടയം - 1
ഇടുക്കി - 3
എറണാകുളം - 7
തൃശ്ശൂര്‍ - 2
പാലക്കാട് - 5
മലപ്പുറം - 1
കോഴിക്കോട് - 8
വയനാട് - 3
കണ്ണൂര്‍ - 9
കാസര്‍ഗോഡ് - 3
- Log in to post comments