നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി
2026 കേരള നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെണ്ണൽ പ്രക്രിയ നടത്തുന്നതിനായി തൃശൂർ ജില്ല പൂർണ്ണമായും സജ്ജമായി. സുതാര്യവും ക്രമബദ്ധവും സുരക്ഷിതവുമായ രീതിയിൽ വോട്ടെണ്ണൽ നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുള്ളതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു.
ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലെ (LACs) വോട്ടെണ്ണൽ മൂന്ന് കേന്ദ്രങ്ങളിലായാണ് നടത്തപ്പെടുന്നത്. ഗവ. തൃശ്ശൂർ എൻജിനീയറിംഗ് കോളേജ്, ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് എന്നീ കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ പ്രക്രിയ നടക്കുന്നത്.
ഓരോ മണ്ഡലത്തിലും വോട്ടെണ്ണൽ നിരീക്ഷിക്കാൻ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) 13 കൗണ്ടിംഗ് നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്.
വോട്ടെണ്ണലുമായി ബന്ധപ്പെട്ട് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ജില്ലാ ഭരണകൂടവും ജില്ലാ സിറ്റി - റൂറൽ പോലീസ് സേനയും ചേർന്ന് ആവിഷ്കരിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾ പ്രകാരം വോട്ടെണ്ണൽ കേന്ദ്രത്തിലേക്കുള്ള പ്രവേശനം കർശ്ശന നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും.
വോട്ടെണ്ണൽ ദിനത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങൾ ചുറ്റി 100 മീറ്റർ പരിധിയിൽ “ പെഡസ്ട്രിയൻ സൂൺ” ആയി പ്രഖ്യാപിച്ചു. യാതൊരു കാരണവശാലും വാഹനങ്ങൾ പരിധിക്കുള്ളിലേക്ക് കടത്തിവിടുന്നതല്ല. വാഹനങ്ങൾ ഇതിന് പുറത്ത് പാർക്ക് ചെയ്യേണ്ടതാണ്. അതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി.
വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മൂന്നു തലത്തിലുള്ള സുരക്ഷാസംവിധാനം കൂടാതെ സിസി ടിവി, ഡ്രോൺ നിരീക്ഷണം എന്നിവയും നടപ്പിലാക്കിയിട്ടുണ്ട്.
വോട്ടെണ്ണലിന് നിയോഗിച്ചിട്ടുള്ള എല്ലാ ഉദ്യോഗസ്ഥരും നിയമനിർവഹണ വിഭാഗങ്ങളും സ്ഥാനാർത്ഥികളും ഏജന്റുമാരും ഉൾപ്പെടെ എല്ലാവരും ഇ സി ഐ നൽകുന്ന തിരിച്ചറിയൽ കാർഡ് കൈവശം കരുതേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ അറിയിച്ചു.
എക്സിക്യൂട്ടീവ് മജിസ്ട്രേറ്റും സി എ പി എഫ് സേനയും ചേർന്ന് പ്രവേശനത്തിന് മുൻപ് തിരിച്ചറിയൽ രേഖ പരിശോധിച്ച് ബോധ്യമായതിനുശേഷം മാത്രമേ വോട്ടെണ്ണലിന് നിയുക്തരായവർക്ക് വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശനം സാധ്യമാകുകയുള്ളു.
സ്റ്റാഫും ക്രമീകരണങ്ങളും
341 കൗണ്ടിംഗ് സൂപ്പർവൈസർമാർ, 452 കൗണ്ടിംഗ് അസിസ്റ്റന്റുമാർ, 341 മൈക്രോ ഒബ്സർവേഴ്സ്, 120 കൗണ്ടിംഗ് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ എന്നിവരെയാണ് 13 നിയോജക മണ്ഡലങ്ങളുടെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് വിന്യസിച്ചിട്ടുള്ളത്. കൂടാതെ സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി 1950 പോലീസ് സേനയേയും വിന്യസിച്ചിട്ടുണ്ട്.
മെഷീൻ വോട്ടെണ്ണലിന് എല്ലാ മണ്ഡലത്തിലും 14 വോട്ടെണ്ണൽ ടേബിളുകളാണ് ക്രമീകരിച്ചിട്ടുള്ളത്. പോളിംഗ് സ്റ്റേഷൻ കുറവായ കൈപ്പമംഗലം മണ്ഡലത്തിൽ 14 റൗണ്ട് വോട്ടെണ്ണൽ ക്രമവും ഗുരുവായൂർ, മണലൂർ, വടക്കാഞ്ചേരി, പുതുക്കാട് മണ്ഡലങ്ങളിൽ പോളിംഗ് സ്റ്റേഷനുകൾ കൂടുതലുളളതിനാൽ 17 റൗണ്ട് വോട്ടെണ്ണൽ ക്രമവും വരുന്ന രീതിയിലാണ് ടേബിളുകളും റൗണ്ടുകളും ക്രമീകരിച്ചിട്ടുള്ളത്.
ഓരോ മണ്ഡലത്തിലും ഒരു വിവിപാറ്റ് കൗണ്ടിംഗ് ബൂത്ത് (VCB) സജ്ജീകരിച്ചിട്ടുണ്ട്.
ഓരോ നിരീക്ഷകനെയും സഹായിക്കാൻ രണ്ട് മൈക്രോ ഒബ്സർവർമാർ ഉണ്ടാകും. ഓരോ റൗണ്ടിലും രണ്ട് കൺട്രോൾ യൂണിറ്റുകൾ (CU) പ്രത്യേകമായി നിരീക്ഷകൻ പരിശോധിക്കും. കൂടാതെ മൈക്രോ ഒബ്സർവ്വർ ഓരോ റൗണ്ട് പൂർത്തിയാകുന്നതിന്റെ കണക്കും പ്രത്യേകം പരിശോധിക്കും
പോസ്റ്റൽ ബാലറ്റുകൾ പ്രത്യേകം നിശ്ചയിച്ച ടേബിളുകളിൽ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരുടെ (ARO) മേൽനോട്ടത്തിൽ എണ്ണപ്പെടും.
വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിക്കും. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണിത്തുടങ്ങുക.
വോട്ടെണ്ണൽ രാവിലെ 8.30 മുതൽ ഇ വി എം ബാലറ്റ് എണ്ണി തുടങ്ങുന്നതാണ്
അവസാന റൗണ്ടിന് തൊട്ട് മുമ്പുളള EVM കൗണ്ടിംഗിന് ആരംഭിക്കുന്നതിനു മുൻപ് പോസ്റ്റൽ ബാലറ്റ് കൗണ്ടിംഗ് പൂർത്തിയാക്കും.
പൊതു ക്രമീകരണങ്ങൾ
വോട്ടെണ്ണൽ ദിവസത്തിൽ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്.
എല്ലാ കേന്ദ്രങ്ങളിലും മാധ്യമങ്ങൾക്ക് തത്സമയ വിവരങ്ങൾ നൽകുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സുരക്ഷയുടെ ഭാഗമായി വോട്ടെണ്ണൽ ദിനത്തിൽ ജില്ലയിൽ പലഭാഗത്തും പ്രത്യേകിച്ചും പ്രശ്നബാധിത മേഖലകളിൽ ഡ്രോൺ / ക്യാമറ സംവിധാനങ്ങൾ ഉപയോഗിച്ച് സദാസമയവും നിരീക്ഷണം നടത്തുന്നതിനുള്ള സജ്ജീകരണങ്ങൾ പോലീസ് സേന സംസ്ഥാന ഡിജിപിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റേയും നിയന്ത്രണത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
വോട്ടെണ്ണൽ ആരംഭിക്കുന്നതിന് തൊട്ട് മുമ്പ് വരെ ലഭിക്കുന്ന സർവീസ് വോട്ടർമാരുടെ ഇടി പിബി (ETPB) വോട്ടുകൾ എണ്ണുന്നതാണ്.
വോട്ടെണ്ണൽ പ്രക്രിയ എല്ലാ സ്ഥാനാർത്ഥികളേയും അവരുടെ ഏജന്റുമാരേയും പൂർണ്ണമായും ബോധ്യപ്പെടുത്തിയും തികച്ചും സുതാര്യമായും ഫലപ്രദമായി പൂർത്തിയാക്കുന്നതിനുള്ള നടപടിക്രമമാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുള്ളത്.
രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു
വോട്ടെണ്ണൽ സുഗഗമായി പൂർത്തിയാക്കുന്നത് സംബന്ധിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അംഗീകൃത രാഷ്ട്രീയപാർട്ടികളുടെ യോഗം കളക്ടറേറ്റിൽ ചേർന്നു. ജില്ലയിലെ വോട്ടെണ്ണൽ നടപടിക്രമം സുഗമമായി പൂർത്തിയാക്കുന്നതിന് എല്ലാ വിധ സഹായസഹകരണവും ഉണ്ടാകണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വിജയാഘോഷത്തിനായി മുൻകൂട്ടി പോലീസ് അനുമതി തേടണമെന്നും സ്ഥാനാർത്ഥികളുടെ / രാഷ്ട്രീയപാർട്ടികളുടെ വിജയാഘോഷം കൂട്ടിമുട്ടുന്ന രീതിയിൽ സംഘടിപ്പിക്കരുതെന്നും തൃശ്ശൂർ സിറ്റി ജില്ലാ പോലീസ് മേധാവി യോഗത്തെ അറിയിച്ചു. വിജയാഘോഷം വൈകീട്ട് 6.30 ന് അവസാനിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. എതിർ സ്ഥാനാർത്ഥിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിലോ സമൂഹത്തിനിടയിൽ ഭിന്നിപ്പ് ഉണ്ടാക്കുന്ന രീതിയിലോ ഉളള സോഷ്യൽ മീഡിയ പോസ്റ്റുകൾ ഒഴിവാക്കുന്നതിനും വിജയാഹ്ലാദത്തിന്റെ ഭാഗമായി പടക്കം ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു. ഇലക്ഷൻ പ്രചരണത്തിന്റെ ഭാഗമായി സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും പൊതു / സ്വകാര്യ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുളള ഫ്ലക്സ് ബോർഡുകളും ഹോർഡിംഗുകളും എത്രയും വേഗം നീക്കം ചെയ്യുന്നതിനും യോഗത്തിൽ ധാരണയായി.
- Log in to post comments