പത്ത്, ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന പത്ത്, ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സുകളിലേക്ക് മെയ് 25 വരെ അപേക്ഷിക്കാം. പത്താംതരം തുല്യത കോഴ്‌സിന് നൂറ് രൂപ രജിസ്‌ട്രേഷന്‍ ഫീസ് ഉള്‍പ്പെടെ 1950 രൂപയാണ് കോഴ്‌സ് ഫീസ്. അപേക്ഷകര്‍ മെയ് ഒന്നിന് 17 വയസ്സ് പൂര്‍ത്തിയായിരിക്കണം. പത്താംതരം തുല്യതാ കോഴ്‌സ് പാസാകുന്നവര്‍ക്ക് എസ്.എസ്.എല്‍.സി യോഗ്യതക്ക് അനുസരിച്ചുള്ള ഉന്നത പഠനത്തിനും പ്രൊമോഷനും പി.എസ്.സി നിയമനത്തിനും അര്‍ഹതയുണ്ട്.
പത്താം ക്ലാസ് പാസായി മെയ് ഒന്നിന് 22 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ഹയര്‍ സെക്കണ്ടറി തുല്യത കോഴ്‌സിന് ഹ്യുമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളിലേക്ക് അപേക്ഷിക്കാം. ഹയര്‍ സെക്കണ്ടറി തുല്യതയ്ക്ക് രജിസ്‌ട്രേഷന്‍ ഫീസ് 300 രൂപ ഉള്‍പ്പെടെ ആകെ കോഴ്‌സ് ഫീസ് 2,600 രൂപയാണ്.
എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും 40 ശതമാനത്തില്‍ കൂടുതല്‍ അംഗവൈകല്യമുള്ളവര്‍ക്കും ട്രാന്‍സ്ജന്‍ഡര്‍ പഠിതാക്കള്‍ക്കും കോഴ്‌സ് ഫീസ് അടയ്‌ക്കേണ്ടതില്ല. ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിലെ പഠിതാക്കള്‍ക്ക് പ്രതിമാസ സ്‌കോളര്‍ഷിപ്പായി പത്താം ക്ലാസ് തുല്യതയ്ക്ക് ആയിരം രൂപയും ഹയര്‍ സെക്കണ്ടറി തുല്യതയ്ക്ക് 1,250 രൂപയും പഠനകാലയളവില്‍ ലഭിക്കും.
വിശദ വിവരങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസുമായോ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രേരക്മാരെയോ സമീപിക്കേണ്ടതാണെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. kslma.keltron.in / www.literacymissionkerala.org എന്നീ വെബ്‌സൈറ്റുകളില്‍ ഓണ്‍ലൈനായും അപേക്ഷിക്കാം. ഫോണ്‍: 0487 2365024, 9496877913, 7558941039.
- Log in to post comments