ഇത് ടീം എറണാകുളത്തിന്റെ വിജയം ;ഇലക്ഷൻ ചുമതല വഹിച്ച ഉദ്യോഗസ്ഥർക്ക് അഭിനന്ദനം
ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ മികച്ച രീതിയിൽ പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് ജില്ലാ കളക്ടർ ജി. പ്രിയങ്ക. ഒരു ടീം ആയി പ്രവർത്തിച്ചത് വഴിയാണ് കുറ്റമറ്റ രീതിയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പൂർത്തിയാക്കാനായത് എന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക പറഞ്ഞു.
എസ്.ഐ.ആർ കഴിഞ്ഞുള്ള ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്. മാത്രമല്ല
വളരെ കുറഞ്ഞ സമയമാണ് ലഭിച്ചത്. എങ്കിലും ഒരുപാട് പുതിയ കാര്യങ്ങൾ ചെയ്യാൻ സാധിച്ചു. ഒരു ടീം എന്ന നിലയിൽ എല്ലാ ഉദ്യോഗസ്ഥരും വകുപ്പുകളും തനിക്കൊപ്പം ചേർന്ന് നിന്നതുകൊണ്ടാണ് സുഗമമായി
തിരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ കഴിഞ്ഞതെന്നും എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നതായും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായിരുന്ന ജില്ലാ കളക്ടർ പറഞ്ഞു.
റിട്ടേണിംഗ് ഓഫീസർമാർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ, വിവിധ ചുമതലകൾ വഹിച്ച നോഡൽ ഓഫീസർമാർ, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്ക് ചടങ്ങിൽ പ്രശസ്തിപത്രവും ഉപഹാരവും ജില്ലാ കളക്ടർ സമ്മാനിച്ചു.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മുന്നിൽ നിന്ന് നയിച്ച ജില്ലാ കളക്ടറെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.
ഇലക്ഷൻ പാഴ് വസ്തുക്കളിൽ നിന്ന് ഉപഹാരം
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടയിൽ ഉല്പാദിപ്പിക്കപ്പെട്ട പാഴ് വസ്തുക്കൾ പുനരുപയോഗം ചെയ്തു നിർമ്മിച്ച പ്രത്യേക ചെടിച്ചട്ടിയും ഇൻഡോർ പ്ലാന്റുമാണ് ഉദ്യോഗസ്ഥർക്ക് ഉപഹാരമായി നൽകിയത്.
വളരെ മാതൃകാപരമായ പ്രവർത്തിയാണ് ഇതെന്നും ഇലക്ഷൻ കമ്മീഷനും ഈ ഉപഹാരം എത്തിച്ചു നൽകുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി. ജേക്കബ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എ. എസ് ശ്രീകല തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments