തെരുവുനായ ശല്യം: പരിഹാരത്തിന് മാസ്റ്റർ പ്ലാൻ വരുന്നു
ജില്ലയിലെ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു.
സുപ്രീം കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ജില്ലയിൽ തെരുവുനായ്ക്കൾക്കായി ഷെൽട്ടറുകൾ ആരംഭിക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
കൊച്ചി കോർപ്പറേഷൻ പരിധിയിൽ ഷെൽട്ടർ നിർമാണത്തിനായി ബ്രഹ്മപുരത്ത് ഒരേക്കറോളം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഷെൽട്ടറിന്റെ ഡിസൈൻ ജോലികൾ പുരോഗമിക്കുകയാണ്. കൂടാതെ കളമശ്ശേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജ്, കുസാറ്റ്, കോതമംഗലം കറുകുറ്റി എന്നിവിടങ്ങളിലും ഷെൽട്ടറുകൾക്കായി സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികൾ നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.
ഷെൽട്ടറുകളുടെ സുഗമമായ നടത്തിപ്പിനായി പൊതുജനങ്ങളുടെയും എൻജിഒകളുടെയും സഹായം തേടണം. തെരുവുനായ ശല്യത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിനായി കൃത്യമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്നും ജില്ലാ കളക്ടർ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
വളർത്തുനായ്ക്കൾക്ക് ലൈസൻസ് നിർബന്ധമാണ്. കെ-സ്മാർട്ട് വഴി ലൈസൻസിനായി അപേക്ഷിക്കാം. വളർത്തുനായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്നത് തടയാനാണിത്.
നായ്ക്കളിൽ ചിപ്പുകൾ സ്ഥാപിക്കാനും വാക്സിനേഷൻ നടപടികൾ ഊർജ്ജിതമാക്കുന്നതിനും ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
മൃഗങ്ങളോട് മാനുഷിക പരിഗണന കാണിക്കുമ്പോഴും മനുഷ്യജീവന് മുൻഗണന നൽകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാധാകൃഷ്ണൻ പറഞ്ഞു. എല്ലാ നഗരസഭകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും വന്ധ്യംകരണ കേന്ദ്രങ്ങൾ ആരംഭിക്കണം. തെരുവ് നായ്ക്കളുടെ കൂട്ടക്കുത്തിവെയ്പ്പ് നടപടികൾ ഊർജിതമാക്കേണ്ടതിന് എല്ലാ പഞ്ചായത്തുകളും നഗരസഭകളും പദ്ധതി തയ്യാറാക്കണം. പദ്ധതി പൂർത്തീകരണത്തിനായുള്ള
എല്ലാ സഹായസഹകരണങ്ങളും ജില്ലാ പഞ്ചായത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ എബിസി സെന്ററുകളുടെ സ്ഥിതി ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ടി. ആർ ഷേർളി വിശദീകരിച്ചു.
കാക്കനാട് കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ മൃഗസംരക്ഷണം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
- Log in to post comments