Skip to main content

എം.സി.എഫ് സ്ഥാപിക്കാൻ ഭൂമി കൈമാറ്റ നടപടികൾ അടിയന്തരമായി പൂർത്തിയാക്കണം - ജില്ലാ കളക്ടർ

ജില്ലയിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികളുടെ (എം സി എഫ് )
നിർമ്മാണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ഭൂമി കൈമാറ്റ നടപടികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ ജി പ്രിയങ്ക.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എം.സി.എഫ് നിർമ്മാണത്തിനുള്ള തടസ്സങ്ങൾ നീക്കി നിശ്ചിത സമയത്തിനകം പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന് കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.അജൈവ മാലിന്യങ്ങൾ തരംതിരിക്കാനും സംസ്കരണത്തിനായി അയക്കാനും എം.സി.എഫുകൾക്കൊപ്പം റിസോഴ്സ് റിക്കവറി ഫെസിലിറ്റികളുടെ (ആർ ആർ എഫ് ) പ്രവർത്തനവും കാര്യക്ഷമമാക്കും. നിലവിൽ എം.സി.എഫ് സ്ഥാപിക്കാൻ ഭൂമി കണ്ടെത്താത്ത പഞ്ചായത്തുകൾക്ക് സർക്കാർ ഭൂമി ലഭ്യമാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും. ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ അടിയന്തരമായി പരിഹരിക്കാൻ റവന്യൂ വകുപ്പിനും തദ്ദേശ സ്വയംഭരണ വകുപ്പിനും നിർദ്ദേശം നൽകി.

ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിനായി സാനിറ്ററി ലാൻഡ് ഫിൽ സൗകര്യങ്ങൾ ഒരുക്കുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു.

ജില്ലയിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ കൃത്യമായ ഇടവേളകളിൽ വേസ്റ്റ് മാനേജ്‌മെന്റ് റിവ്യൂ നടത്താൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചു. മാലിന്യ ശേഖരണവും സംസ്കരണവും കൂടുതൽ സുതാര്യമാക്കുന്നതിന് 'ഹരിതമിത്രം' സ്മാർട്ട് ഗാർബേജ് ആപ്പിന്റെ പ്രവർത്തനം വിപുലീകരിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി
ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന അവലോകന യോഗത്തിൽ റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെയും ശുചിത്വ മിഷനിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പങ്കെടുത്തു.

date