വേനൽമഴ: ജില്ലയിൽ വ്യാപക നാശനഷ്ടം, പത്തോളം വീടുകൾ ഭാഗികമായി തകർന്നു
ജില്ലയിൽ പെയ്ത ശക്തമായ വേനൽമഴയിലും കാറ്റിലും വ്യാപക നാശനഷ്ടം.
വിവിധ താലൂക്കുകളിലായി പത്തോളം വീടുകൾ ഭാഗികമായി തകർന്നു. തൃപ്പൂണിത്തുറയിൽ മരം വീണ് കാറിന് കേടുപാടുകൾ സംഭവിച്ചു.
ശക്തമായ കാറ്റിലും മഴയിലും കോതമംഗലം താലൂക്കിൽ നാല് വീടുകൾ ഭാഗികമായി തകർന്നു.മൂവാറ്റുപുഴ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി രണ്ടും കൊച്ചി നഗരപരിധിയിൽ രണ്ടും വീതം വീടുകൾക്ക് കേടുപാടുകൾ പറ്റി. തൃപ്പൂണിത്തുറയിലും രണ്ട് വീടുകൾ ഭാഗികമായി തകർന്നു.
തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷന് സമീപമുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിൽ മരച്ചില്ലകൾ ഒടിഞ്ഞു വീണു.
മൂവാറ്റുപുഴ താലൂക്കിലെ വെള്ളൂർക്കുന്നം വില്ലേജിൽ വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഇ ഇ സി മാർക്കറ്റിന്റെ മുൻവശത്ത് മരം ഒടിഞ്ഞ് റോഡിലേക്ക് വീണു. ഇതേത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. അഗ്നിശമനസേന സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
മൂവാറ്റുപുഴയിലെ ടാറ്റാ മോട്ടോഴ്സ് കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണ് അവിടെ പാർക്ക് ചെയ്തിരുന്ന നിരവധി കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
ജില്ലയിൽ വരും ദിവസങ്ങളിലും വേനൽമഴ തുടരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
- Log in to post comments