ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ 48 മണിക്കൂർ തുടർച്ചയായി മഴ പെയ്താൽ ക്യാമ്പുകൾ തുറക്കണം: ജില്ലാ കളക്ടർ
ജില്ലയിലെ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലെ കാലവർഷ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽ ഓൺലൈനായി അവലോകനയോഗം ചേർന്നു.
കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അതീവ ജാഗ്രത പുലർത്തണമെന്നും പ്രതികൂല കാലാവസ്ഥയുള്ളപ്പോൾ ദുരന്തനിവാരണ അതോറിറ്റിയുമായി (ഡി ഡി എം എ) തത്സമയ വിവരങ്ങൾ പങ്കുവെക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
തുടർച്ചയായി 48 മണിക്കൂർ ശക്തമായ മഴ പെയ്യുന്ന സാഹചര്യമുണ്ടായാൽ ഉരുൾപൊട്ടൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റണം. മഴ തുടർച്ചയായി 24 മണിക്കൂർ മാറി നിന്നതിനു ശേഷമേ ഇത്തരത്തിൽ മാറ്റി പാർപ്പിച്ചവരെ സ്വന്തം വീടുകളിലേക്ക് തിരികെ പോകാൻ അനുവദിക്കാവു. ക്യാമ്പുകൾ തുറക്കുന്നതിനാവശ്യമായ കെട്ടിടങ്ങളുടെ കൃത്യമായ ലിസ്റ്റ് മുൻകൂട്ടി തയ്യാറാക്കണം, അടിയന്തര സാഹചര്യങ്ങളിൽ തദ്ദേശവാസികളെ ബന്ധപ്പെടുന്നതിനായി ഇവരുടെ ഫോൺ നമ്പറുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് സൂക്ഷിക്കാനും ജില്ലാ കളക്ടർ വില്ലേജ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി.
ജില്ലയിലെ ഉരുൾപൊട്ടൽ/മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളുടെ നിലവിലുള്ള പട്ടികയിൽ ഉൾപ്പെടാത്തതും എന്നാൽ പ്രാദേശികമായി അപകടസാധ്യത ഉണ്ടെന്ന് കരുതുന്നതുമായ പ്രദേശങ്ങളിലും ശ്രദ്ധ ചെലുത്തണം. അപകടസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്ന കുടുംബങ്ങിലെ പ്രായമായവർ, ഭിന്നശേഷിക്കാർ, കുട്ടികൾ എന്നിവരുടെ വിവരങ്ങൾ പ്രത്യേകം ശേഖരിക്കണം. കനത്ത മഴയുള്ളപ്പോൾ ഇത്തരം പ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാൻ ജനങ്ങൾക്കിടയിൽ വ്യാപകമായ ബോധവൽക്കരണം നടത്താനും യോഗം ആവശ്യപ്പെട്ടു.
ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലെ ക്വാറികൾ, ഖനന മേഖലകൾ, എന്നിവിടങ്ങളിൽ ജിയോളജി വകുപ്പ് പരിശോധന നടത്തി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിക്കുന്ന ദിവസങ്ങളിൽ ക്വാറികളുടെ പ്രവർത്തനം നിയന്ത്രിക്കാൻ ഉടമകൾക്ക് നിർദ്ദേശം നൽകണ൦. ഭൂമി ഇടിഞ്ഞു താഴുക, വിള്ളലുകൾ രൂപപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്ററിലും, ഡി.ഡി.എം.എ യിലും വിവരമറിയിക്കാനും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.
ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ
ജി ശ്രീകുമാർ, ആലുവ, കുന്നത്തുനാട്, കോതമംഗലം, മൂവാറ്റുപുഴ തുടങ്ങിയ താലൂക്കുകളിലെ തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ ബന്ധപ്പെട്ട വകുപ്പ് മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments