കുട്ടികളിൽ ശുചിത്വ അവബോധം വളർത്താൻ 'പാഠം ഒന്ന് ശുചിത്വം 3.0' ക്യാമ്പയിൻ; നെയിം സ്ലിപ്പുകളുടെ പ്രകാശനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
ഈ അധ്യയന വർഷം ഒന്നാം ക്ലാസിലേക്ക് പുതുതായി എത്തുന്ന വിദ്യാർത്ഥികളിൽ ശുചിത്വ-മാലിന്യ സംസ്കരണ സംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ശുചിത്വ മിഷൻ സംഘടിപ്പിക്കുന്ന 'പാഠം ഒന്ന് ശുചിത്വം 3.0' ക്യാമ്പയിന് തുടക്കമായി. ജില്ലാതല പ്രവേശനോത്സവ വേദിയിൽ വെച്ച് ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ക്യാമ്പയിന്റെ നെയിം സ്ലിപ് പ്രകാശനം നിർവഹിച്ചു.
ശുചിത്വ സന്ദേശങ്ങൾ അടങ്ങിയ പ്രത്യേക നെയിം സ്ലിപ്പുകൾ കുട്ടികൾക്ക് നൽകിക്കൊണ്ടാണ് ഈ ജനകീയ ക്യാമ്പയിൻ നടപ്പിലാക്കുന്നത്. ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് (ഡി.ഡി.ഇ) എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ജില്ലയിലെ മുഴുവൻ സർക്കാർ വിദ്യാലയങ്ങളും ഈ ക്യാമ്പയിന്റെ ഭാഗമാകും.
മാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള ബോധമുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. പാഠ്യപദ്ധതിയോടൊപ്പം തന്നെ ഇത്തരം സന്ദേശങ്ങൾ കുട്ടികളിലേക്ക് നേരിട്ടെത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ജില്ലാ മിഷൻ ഈ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.
പരിസ്ഥിതി ദിനത്തിൽ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺമാർ (ആർ.പി), വൈപിമാർ മുഖേന നെയിം സ്ലിപ്പുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എത്തിക്കും. തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയായിരിക്കും വിദ്യാലയങ്ങളിലെ കുട്ടികളിലേക്ക് ഇവ പൂർണ്ണമായും വിതരണം ചെയ്യുക.
- Log in to post comments