Skip to main content

മോഡൽ സ്കൂൾ പ്രവേശനോത്സവം മേയർ ഉദ്ഘാടനം ചെയ്തു; വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

തൃശ്ശൂർ ഗവ. മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ  പ്രവേശനോത്സവം  മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു.

 വിദ്യാർത്ഥികൾ നാളെയുടെ വാഗ്ദാനങ്ങളാണെന്നും സമൂഹത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാനും ഭാരതത്തിൽ വൻ പുരോഗമനം നടത്തുന്നതിനുമുള്ള ആർജ്ജവമുള്ളവരായി മാറണമെന്നും മേയർ പറഞ്ഞു.

 സ്കൂൾ വിദ്യാർത്ഥികൾക്കുള്ള യൂണിഫോം, നോട്ടുപുസ്തകം എന്നിവ ഇൻകം ടാക്സ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ തൃശ്ശൂർ ബ്രാഞ്ച് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അൻവർ ജാൻ വിതരണം ചെയ്തു. സ്കൂൾ ബാഗ്, കുട, ലഞ്ച് ബോക്സ് എന്നിവ തൃശ്ശൂർ സർക്കാർ ഉദ്യോഗസ്ഥ സഹകരണ സംഘം  പ്രസിഡന്റ്  ടി.വി. സുനിൽ വിതരണം ചെയ്തു. സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി സിസിടിവികളുടെ വിതരണം തൃശ്ശൂർ ലയൺസ് ക്ലബ് ഗവർണർ ടി. ജയകൃഷ്ണൻ നിർവഹിച്ചു.

ഹയർ സെക്കന്ററി വിഭാഗം പ്രിൻസിപ്പൽ കെ.ആർ. സ്മിത , വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം പ്രിൻസിപ്പൽ ഇൻ ചാർജ് കെ.ആർ. ധന്യ, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഡോ.  കെ.പി. ബിന്ദു, സ്കൂൾ പി.ടി.എ പ്രസിഡന്റ് സി.വി. സതീഷ് കുമാർ , തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ പൂർണിമ സുരേഷ്, വി.എച്ച്.എസ്.ഇ മുൻ  പ്രിൻസിപ്പൽ എം.എ അനിത, മുൻ സീനിയർ അസിസ്റ്റന്റ് ടി.ടി. സുനില , ലോവർ പ്രൈമറി ഹെഡ്മിസ്ട്രസ് ടി.എ. ബിന്ദു, പ്രീ-പ്രൈമറി വിഭാഗം അധ്യാപിക രേഷ്മ രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

പ്രവേശനോത്സവത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും പായസത്തോടുകൂടിയുള്ള ഉച്ചഭക്ഷണവും വിതരണം ചെയ്തു. 'പുതുയുഗ വിദ്യാലയം' എന്ന പ്രവേശനോത്സവ സങ്കല്പത്തെ അർത്ഥവത്താക്കിക്കൊണ്ടാണ് വിദ്യാലയം പരിപാടി സംഘടിപ്പിച്ചത്.

date