ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും പുകയിലരഹിതമാക്കും -2026 ജനുവരി മുതൽ ഏപ്രിൽ വരെ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 41,200 രൂപ പിഴയിട്ടു
ലോക പുകയിലരഹിത ദിനാചരണം
ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സ്‌കൂളുകളും പുകയിലരഹിതമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ പുകയില നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഏകോപന സമിതി യോഗം തീരുമാനിച്ചു.
ജില്ലയിൽ ആകെയുള്ള 1370 സ്‌കൂളുകളില്‍ 1270 സ്‌കൂളുകളെ പുകയില മുക്ത വിദ്യാഭ്യാസ സ്ഥാപനങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റുള്ള സ്‌കൂളുകളിൽ പ്രവർത്തനങ്ങൾ മുന്നേറുകയാണ്. ഇതിന്റെ ഭാഗമായി സ്‌കൂള്‍ അസംബ്ലികളില്‍ ജൂണ്‍ ആദ്യവാരം കുട്ടികള്‍ക്ക് ബോധവല്‍ക്കരണ പ്രതിജ്ഞ സംഘടിപ്പിക്കും. ജില്ലയിലെ എല്ലാ എന്‍.എസ്.എസ് യൂണിറ്റുകളും ജീവിതമാണ് ലഹരി എന്ന സന്ദേശവുമായി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും.
2026 ജനുവരി മുതല്‍ ഏപ്രില്‍ വരെ എന്‍ഫോഴ്‌സ്‌മെന്റ് ടീം ജില്ലയിലെ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ പിഴയിനത്തില്‍ 41,200 രൂപ ഈടാക്കി. 292 ടീമുകള്‍ 12,454 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,67,200 രൂപയായിരുന്നു പിഴ.
മെയ് 31 മുതല്‍ ജൂണ്‍ 26 വരെ സംഘടിപ്പിക്കുന്ന ലോക പുകയിലരഹിത ദിനാചരണത്തോടനുബന്ധിച്ച് ജില്ലാതലത്തിലും വിവിധ സ്ഥാപനങ്ങളിലും നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ക്കിടയിലുള്‍പ്പെടെ പുകയിലക്കെതിരായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും.
തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ പുകയില രഹിത പഞ്ചായത്ത് എന്ന ലക്ഷ്യത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. ജില്ലയിലെ എല്ലാ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലും ഈ കാലയളവില്‍ പുകയില വിരുദ്ധ സന്ദേശം വായിക്കും.
ജില്ലയിലെ പുകയില നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി എ.ഡിഎമ്മിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടർ കെ ബാലഗോപാലൻ അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി.പി ബിജോയ് ജില്ലയിലെ പുകയില നിയന്ത്രണ പരിപാടികളുടെ പുരോഗതി യോഗത്തില്‍ വിശദീകരിച്ചു. ജില്ലാ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ടി സുധീഷ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം.ബി മുരളി എന്നിവര്‍ പുകയില വിരുദ്ധ ക്യാമ്പയിനെക്കുറിച്ച് വിശദീകരിച്ചു. വിവിധ വകുപ്പ് മേധാവികള്‍, സ്ഥാപനമേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
'അണ്‍ മാസ്‌ക്കിംഗ് ദി അപ്പീല്‍, കൗണ്ടറിഗ് നിക്കോട്ടിന്‍ ആന്‍ഡ് ടുബാക്കൊ അഡിക്ഷന്‍' എന്നതാണ് ഈ വര്‍ഷത്തെ ലോക പുകയില വിരുദ്ധ ദിനാചരണ സന്ദേശം.
- Log in to post comments