കെസിസിപിഎല്ലിന്റെ അഞ്ചാമത്തെ പെട്രോൾ പമ്പ് കഞ്ചിക്കോട്ട്; ധാരണാപത്രം ഒപ്പിട്ടു
കേരള സർക്കാറിന്റെ വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കെസിസിപി ലിമിറ്റഡ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപ്പറേഷനുമായി സഹകരിച്ച് പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ട് പെട്രോൾ പമ്പ് ആരംഭിക്കുന്നു. ഇത് സംബന്ധിച്ച ധാരണാപത്രം ബി പി സി എൽ ടെറിട്ടറി മാനേജർ എം.വി.എസ്.എൻ.വി ബ്രഹ്‌മാനന്ദ റാവു കെസിസിപി എൽ ചെയർപേഴ്‌സണും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആനക്കൈ ബാലകൃഷ്ണന് കൈമാറി. ബിപിസിഎൽ സീനിയർ മാനേജർ ശരൺജിത്ത്, എഞ്ചിനീയറിങ് ഓഫീസർമാരായ ജിതിൻ, കീർത്തന, കെസിസിപിഎൽ ഫിനാൻസ് മാനേജർ സി.വി ശശി എന്നിവർ പങ്കെടുത്തു.
കെസിസിപിഎൽ നിലവിൽ നാല് പെട്രോൾ പമ്പുകൾ നടത്തിവരുന്നുണ്ട്. പാപ്പിനിശ്ശേരിയിലെ ആസ്ഥാന മന്ദിരത്തോട് ചേർന്ന് 2020 ൽ ആരംഭിച്ച പെട്രോൾ പമ്പ് മികച്ച നേട്ടമാണ് കൈവരിച്ചത്. ഇതിനോട് ചേർന്ന് സിഎൻജി സ്റ്റേഷനും ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷനും പ്രവർത്തിക്കുന്നു. മാങ്ങാട്ടുപറമ്പിലും നാടുകാണിയിലും, കരിന്തളത്തുമാണ് മറ്റ് മൂന്നു പെട്രോൾ പമ്പുകൾ. വിവിധ ഷിഫ്റ്റുകളിലായി നൂറോളം പേർ പെട്രോൾ പമ്പുകളിൽ തൊഴിൽ ചെയ്തുവരുന്നു.
.കൂടുതൽ സ്ഥലങ്ങളിൽ കൂടി കെസിസിപിഎൽ പെട്രോൾ പമ്പുകൾ ആരംഭിക്കുന്നതിനായി കിൻഫ്ര, കേരള ഹൗസിംഗ് ബോർഡ് തുടങ്ങിയ സ്ഥാപനങ്ങളുമായി ചർച്ച ആരംഭിച്ചിട്ടുണ്ട്.
- Log in to post comments