ജില്ലാതല അറിയിപ്പുകൾ
ഹൈസ്‌കൂൾ ടീച്ചർ അഭിമുഖം
കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ നാച്വറൽ സയൻസ് (കാറ്റഗറി നമ്പർ: 602/2024) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 19.11.2025ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർഥികളുടെ അഭിമുഖപരീക്ഷ ജൂൺ മൂന്ന്, നാല്, അഞ്ച് തീയ്യതികളിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ കണ്ണൂർ ജില്ലാ ഓഫീസിലും ജൂൺ 18ന് കോഴിക്കോട് മേഖലാ ഓഫീസിലും വെച്ച് നടത്തുന്നു. ഈ തീയ്യതികളിൽ നടക്കുന്ന അഭിമുഖപരീക്ഷയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, ഫോൺ മെസേജ് എന്നിവ ഇതു സംബന്ധിച്ച് നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ അവരവരുടെ ഒടിആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ ഫോം, ഒറ്റതവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവയും മറ്റ് എല്ലാ അസ്സൽ പ്രമാണങ്ങളും കമ്മിഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും സഹിതം ഇൻറർവ്യൂ ദിവസം അവരവരുടെ അഡ്മിഷൻ ടിക്കറ്റിൽ അനുവദിച്ച സ്ഥലത്തും സമയത്തും ഹാജരാകേണ്ടതാണ്
ജില്ലാതല പ്രവേശനോത്സവത്തിൽ 'രാഗലയം' പാടുന്നു
ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം നടക്കുന്ന ആയിത്തറ മമ്പറം സ്‌കൂളിൽ ജില്ലയിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ സംഗീത ട്രൂപ്പായ രാഗലയത്തിന്റെ നേതൃത്വത്തിൽ ഗാനമാലിക അരങ്ങേറും. കണ്ണൂർ ജില്ലയിൽ സമഗ്രശിക്ഷ കേരളത്തിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്നു വർഷമായി രാഗലയം കൂട്ടുകാർ സജീവമാണ്. ഇതിനകം 200 ലധികം വേദികളിൽ രാഗലയത്തിന്റെ നേതൃത്വത്തിൽ പരിപാടി അവതരിപ്പിച്ചു.
വിവിധ ബി ആർ സി കളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് രാഗലയം ട്രൂപ്പിൽ അംഗങ്ങളായി പരിപാടികൾ അവതരിപ്പിച്ചു വരുന്നത്. രാഗലയം ട്രൂപ്പിന്റെ ഭാഗമായ കുട്ടികളിൽ ചിലർ ഹയർ സെക്കണ്ടറി പഠനത്തിന് ശേഷം സംഗീതം മുഖ്യ വിഷയമായി ബിരുദ പഠനം നടത്തുന്നുണ്ട്.
ജില്ലാ പ്രവേശനോത്സവത്തോടനുബന്ധിച്ച് ഒരു മണിക്കൂർ ദൈർഘ്യമുള്ള ഗാനമാലികയാണ് കുട്ടികളുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്നത്. ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന്റെ ഭാഗമായി പത്ത് കുട്ടികൾ അടങ്ങുന്ന സംഘമാണ് പരിപാടി അവതരിപ്പിക്കുന്നത്. പി കെ ഗോപിയുടെ രചനയിൽ രാഗലയം ട്രൂപ്പിലെ സംഗീത അധ്യാപകനായ പ്രമോദ് ജി ഗോവിന്ദ് സംഗീത സംവിധാനം ചെയ്ത ശീർഷക ഗാനം ഉൾപ്പെടെ പരിപാടിയിൽ അവതരിപ്പിക്കും. ആകാശവാണി കണ്ണൂർ നിലയത്തിൽ ഉൾപ്പെടെ കുട്ടികൾ ഇതിനകം പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ശുചീകരണ പരിപാടി 'തുടക്കം 2026' നടത്തി
സംസ്ഥാന സർക്കാരിന്റെ ജനകീയ മഹാശുചിത്വ യജ്ഞമായ 'തുടക്കം -2026' ന്റെ ഭാഗമായി കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ നടന്ന പരിപാടി എം. വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ശുചിത്വ കേരളത്തിനായി നമുക്ക് ഒരുമിച്ച് തുടങ്ങാം എന്ന സന്ദേശവുമായാണ് മഹാശുചീകരണയജ്ഞപരിപാടി നടന്നത്. മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലെ അധ്യാപകർ, വിദ്യാർഥികൾ, ജീവനക്കാർ, സന്നദ്ധ സംഘടനകൾ എന്നിവർ പങ്കാളികളായി. ശുചീകരണ പരിപാടിയുടെ ഭാഗമായി ശുചിത്വസന്ദേശ റാലിയും പ്രതിജ്ഞയും നടത്തി.
ഉദ്ഘാടനയോഗത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് അധ്യക്ഷയായി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി വി ചന്ദ്രൻ, മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ഷീബ ദാമോദർ, ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി സജി, ജീവനക്കാരുടെ വിവിധ സംഘടനകൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. ആശുപത്രി സൂപ്രണ്ട് ഡോ. കെ സുദീപ് സ്വാഗതവും നഴ്‌സിംഗ് സൂപ്രണ്ട് ലൂസി പി ജെ നന്ദിയും പറഞ്ഞു.
മെഡിക്കൽ കോളേജ്, ഹോസ്റ്റലുകൾ, ആശുപത്രിയുടെ പരിസരം എന്നിവ അധ്യാപകരും, മറ്റു ജീവനക്കാരും സന്നദ്ധ സംഘടനകളും വിദ്യാർഥികളും, ചേർന്ന് ശുചീകരിച്ചു.
പടം: സംസ്ഥാന സർക്കാരിന്റെ ജനകീയ മഹാശുചിത്വ യജ്ഞമായ 'തുടക്കം -2026' ന്റെ ഭാഗമായി കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ നടന്ന പരിപാടി എം. വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
താലൂക്ക് വികസന സമിതി യോഗം
കണ്ണൂർ താലൂക്ക് വികസന സമിതിയുടെ ജൂൺ മാസത്തെ യോഗം ജൂൺ ആറ് ശനിയാഴ്ച രാവിലെ 11 മണിക്ക് താലൂക്ക് കോൺഫറൻസ് ഹാളിൽ ചേരും.
വൈദ്യുതി മുടങ്ങും
കേബിൾ വലിക്കുന്ന പ്രവൃത്തി ഉള്ളതിനാൽ ഇന്ദിരാ നഗർ ട്രാൻസ്ഫോർമർ പരിധിയിൽ മെയ് 31ന് രാവിലെ 11.30 മുതൽ വൈകീട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
- Log in to post comments