എട്ടാം ക്ലാസുകാർക്ക് ലിറ്റിൽ കൈറ്റ്‌സ് അംഗത്വത്തിന് ജൂൺ 12 വരെ അപേക്ഷിക്കാം
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബ്ബുകളുടെ 2026-29 ബാച്ചിലേക്കുള്ള അംഗത്വത്തിന് ജൂൺ 12 വരെ അപേക്ഷിക്കാം. നിലവിൽ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾക്ക് അംഗീകാരം ലഭിച്ചിട്ടുള്ള സ്‌കൂളുകളിലെ 2026-27 അധ്യയന വർഷത്തിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന 20 മുതൽ 40 വരെ വിദ്യാർഥികൾക്കാണ് ഓരോ സ്‌കൂളിലെയും ക്ലബ്ബിൽ അംഗത്വം നൽകുക.
അംഗത്വത്തിനായി താൽപര്യമുള്ള വിദ്യാർഥികൾ ജൂൺ 12നകം അതത് സ്‌കൂൾ മേധാവികൾക്ക് അപേക്ഷ സമർപ്പിക്കണം. ജൂൺ 18ന് രാവിലെ 10 മണിക്ക് എല്ലാ യൂണിറ്റ് സ്‌കൂളുകളിലും പ്രത്യേക അഭിരുചി പരീക്ഷ നടത്തും. 5, 6, 7 ക്ലാസുകളിലെ ഐ.ടി പാഠപുസ്തകങ്ങൾ, ഐ.ടി മേഖലയിലെ പൊതുവിജ്ഞാനം, ഗണിതം, ലോജിക്കൽ ചിന്ത എന്നിവയെ അടിസ്ഥാനമാക്കിയാണ് പരീക്ഷ.
അഭിരുചി പരീക്ഷയുടെ മാതൃക പരിചയപ്പെടുത്തുന്ന ക്ലാസുകൾ ജൂൺ 12, 13, 14 തീയതികളിൽ കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യും. പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഹാർഡ്വെയർ, അനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷ, വീഡിയോ ഡോക്യുമെന്റേഷൻ തുടങ്ങിയ മേഖലകളിൽ പരിശീലനം ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബുകളുടെ ഭാഗമായി ലഭിക്കും.
സ്‌കൂൾ പ്രവർത്തനത്തെ ബാധിക്കാതെ മാസത്തിൽ കുറഞ്ഞത് നാല് മണിക്കൂർ പരിശീലനം അംഗങ്ങൾക്ക് ഉറപ്പാക്കും. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ എ, ബി, സി ഗ്രേഡുകളിലുള്ള സർട്ടിഫിക്കറ്റുകളും നൽകും. സ്‌കൂളുകളിലെ ഐ.ടി പ്രവർത്തനങ്ങൾ, ഡിജിറ്റൽ മാപ്പിങ്, സൈബർ സുരക്ഷാ ബോധവൽക്കരണം, സ്‌കൂൾ വിക്കി പുതുക്കൽ, ഐ.ടി മേളകളും ക്യാമ്പുകളും സംഘടിപ്പിക്കൽ, കൈറ്റ് വിക്ടേഴ്‌സിനായി വാർത്തകളും ഡോക്യുമെന്ററികളും തയ്യാറാക്കൽ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബുകൾ ഏറ്റെടുക്കും.
പി.എൻ.എക്‌സ്. 1745/2026
- Log in to post comments