Skip to main content

സെന്‍സസ് 2027: ചാര്‍ജ്ജ് തല പരിശീലന പരിപാടി സംഘടിപ്പിച്ചു

ഭാരത സെന്‍സസ് 2027 മുന്നൊരുക്കങ്ങളുടെ ഭാഗമായി മഞ്ചേരി നഗരസഭയില്‍ ചാര്‍ജ്ജ് തല പരിശീലന പരിപാടി സംഘടിപ്പിച്ചു. സെന്‍സസ് നടപടികള്‍ കൃത്യതയോടെയും സമയബന്ധിതമായും പൂര്‍ത്തിയാക്കുന്നതിനുള്ള വിവിധ നിര്‍ദ്ദേശങ്ങളും സാങ്കേതിക പരിശീലനവുമാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്. വരാനിരിക്കുന്ന സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് വിവിധ ഘട്ടങ്ങളിലായി പരിശീലനം നല്‍കുന്നത്.  

മഞ്ചേരി നഗരസഭ പരിധിയില്‍ 156 ഹൗസ് ലിസ്റ്റിങ് ബ്ലോക്ക് (എച്ച്.എല്‍.ബി ) ആണുള്ളത്. ആറ് എച്ച്.എല്‍.ബികള്‍ക്ക് ഒരു സൂപ്പര്‍വൈസര്‍ എന്ന കണക്കില്‍ 26 സൂപ്പര്‍വൈസര്‍മാരും റിസര്‍വ് എന്യൂമെറേറ്റര്‍മാരും സൂപ്പര്‍വൈസര്‍മാരുമടക്കം 200 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. 40 മുതല്‍ 50 പേര്‍ വരെയുള്ള ഒരു ബാച്ചിന് മൂന്ന് ദിവസങ്ങളിലായാണ് പരിശീലനം നല്‍കുക. കൗണ്‍സില്‍ ഹാളില്‍ നടക്കുന്ന പരിശീലനം ഈ മാസം 22 വരെ നീണ്ടുനില്‍ക്കും.
ചാര്‍ജ്ജ് സെന്‍സസ് ഓഫീസര്‍ വൈ.പി. മുഹമ്മദ് അഷ്‌റഫ്, അഡീഷണല്‍ ചാര്‍ജ്ജ് സെന്‍സസ് ഓഫീസര്‍ പി.നന്ദകുമാര്‍, സെന്‍സസ് ക്ലര്‍ക്ക് പി.എ. അഫ്‌സല്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ടി.എ. സഞ്ജു, പി. നജീബ് , ചാര്‍ജ്ജ് ട്രെയിനര്‍മാരായ ഷാജഹാന്‍, മുബസീന എന്നിവരും വിവിധ സെന്‍സസ് ഉദ്യോഗസ്ഥരും സംബന്ധിച്ചു.

 

date