Skip to main content

ലോക പരിസ്ഥിതി ദിനം: മ്യൂസിയം  വകുപ്പിൻറെ സംസ്ഥാനതല ഉദ്ഘാടനം  മന്ത്രി ഒ.ജെ ജനിഷ് നിർവ്വഹിച്ചു

 സംസ്ഥാന മ്യൂസിയം മൃഗശാല വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച  ലോക പരിസ്ഥിതി ദിനാചരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം  കായിക, യുവജനക്ഷേമ, മ്യൂസിയം-മൃഗശാലാ, രജിസ്ട്രേഷൻ പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് നിർവ്വഹിച്ചു.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള വൃക്ഷത്തൈ നടീൽ കേവലമൊരു ചടങ്ങായി ഒതുങ്ങരുതെന്ന് മന്ത്രി ഓർമിപ്പിച്ചു. ഇന്ന് നടുന്ന തൈകൾ സംരക്ഷിച്ചു വളർത്താൻ ഓരോരുത്തരും ബാധ്യസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതോടൊപ്പം, മ്യൂസിയം അങ്കണത്തിൽ ഒരുങ്ങുന്ന 'ബട്ടർഫ്ലൈ എക്കോ പാർക്ക് & കൺസർവേഷൻ സെന്ററിൻ്റെ' (ശലഭോദ്യാനം) നിർമ്മാണ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സെന്റ് മേരീസ് കോളേജ് (ഓട്ടോണമസ്) സുവോളജി, ബോട്ടണി വകുപ്പുകളും സംസ്ഥാന മ്യൂസിയം-മൃഗശാലാ വകുപ്പും സംയുക്തമായാണ് ശലഭോദ്യാനം നിർമ്മിക്കുന്നത്. ഉദ്യാനത്തിൽ എത്തുന്ന ശലഭങ്ങളുടെ വിശദാംശങ്ങൾ ലഭ്യമാക്കാനുള്ള ക്യു ആർ കോഡും ചടങ്ങിൽ മന്ത്രി പ്രകാശനം ചെയ്തു.

 തൃശൂർ സംസ്ഥാന മ്യൂസിയം-മൃഗശാല അങ്കണത്തിൽ  നടന്ന  പരിപാടിയിൽ കൗൺസിലർ ജോയ് ബാസ്റ്റിൻ ചാക്കോള അധ്യക്ഷനായി.

 മ്യൂസിയം-മൃഗശാല വകുപ്പ് ഡയറക്ടർ  പി.എസ്. മഞ്ജുളാദേവി,  തൃശൂർ സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പൽ ഡോ. മീന കെ. ചെറുവത്തൂർ , സംസ്ഥാന മ്യൂസിയം-മൃഗശാല ക്യൂറേറ്റർ  മഞ്ജുഷ എസ്
എന്നിവർ സംസാരിച്ചു.

പ്രകൃതിയുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വർഷത്തെ പരിപാടികൾ ആസൂത്രണം ചെയ്തത്.

date