Skip to main content
എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളിലെ ഉന്നത വിജയികളെ ആദരിക്കാന്‍ ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച 'വിക്‌ടോറിയ 2026' പരിപാടിയുടെ ഉദ്ഘാടനം മന്ത്രി എന്‍ ഷംസുദ്ദീന്‍ നിര്‍വഹിക്കുന്നു

വിദ്യാര്‍ഥികള്‍ അഭിരുചിക്കനുസരിച്ച് കോഴ്‌സുകള്‍ തിരഞ്ഞെടുക്കണം -മന്ത്രി എന്‍ ഷംസുദ്ദീന്‍

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി ഉന്നത വിജയികള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ ആദരം

വിദ്യാഭ്യാസരംഗത്ത് അതിവേഗത്തിലുള്ള മാറ്റമാണ് ഉണ്ടാവുന്നതെന്നും വിദ്യാര്‍ഥികള്‍ അഭിരുചിക്കനുസരിച്ച് കോഴ്‌സുകള്‍ തിരഞ്ഞെടുക്കണമെന്നും വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ മികച്ച വിജയം നേടിയ ജില്ലയിലെ വിദ്യാലയങ്ങളെയും വിദ്യാര്‍ഥികളെയും സയന്‍സ് ഇന്‍സ്പയര്‍ അവാര്‍ഡ് ജേതാക്കളെയും ആദരിക്കാന്‍ ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച 'വിക്‌ടോറിയ 2026' പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സ്വന്തം കഴിവുകളും പരിമിതികളും മനസ്സിലാക്കിയാവണം കോഴ്‌സുകള്‍ തിരഞ്ഞെടുക്കേണ്ടത്. വിദ്യാഭ്യാസ രംഗത്ത് ആഗോള തലത്തിലാണ് വിദ്യാര്‍ഥികള്‍ മത്സരിക്കുന്നത്. അതിനനുസരിച്ച് ലോകോത്തര നിലവാരത്തില്‍ വിദ്യാലയങ്ങളെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. വിദ്യാഭ്യാസ രംഗത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ക്രിയാത്മകമായി ഇടപെടാന്‍ സാധിക്കും. ഇത്തരം പ്രവര്‍ത്തനങ്ങളും പരിശ്രമങ്ങളുമാണ് തലമുറകള്‍ക്ക് പ്രയോജനപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബ് മെമോറിയല്‍ ജൂബിലി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍ അധ്യക്ഷയായി. അഡ്വ. ഫൈസല്‍ ബാബു എം.എല്‍.എ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ നവാസ്, സ്ഥിരം സമിതി അധ്യക്ഷരായ മുനീര്‍ എരവത്ത്, ബാലാമണി ടീച്ചര്‍, ബല്‍ക്കീസ് ടീച്ചര്‍, റീമ കുന്നുമ്മല്‍, സെക്രട്ടറി വി കെ മുരളി, അംഗങ്ങളായ കെ കെ ഹനീഫ, രാജേഷ് ജോസ്, പി ജി മുഹമ്മദ്, മിസ്ഹബ് കീഴരിയൂര്‍, പി സി ഷീബ, രാധിക ചിറയില്‍, സുബിന, അഞ്ജിത സനൂപ്, ഡി.ഡി.ഇ ഇന്‍-ചാര്‍ജ് പി ഗീത, ആര്‍.ഡി.ഡി ഇന്‍-ചാര്‍ജ് സുജാത ബേബി, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. യു കെ അബ്ദുല്‍ നാസര്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ കണ്‍വീനര്‍ പി മുജീബ് റഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു.

date