Skip to main content

മത്സ്യകര്‍ഷക പുരസ്‌കാരം; അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് 2026 ലെ മത്സ്യകര്‍ഷക പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. മികച്ച ശുദ്ധജല കര്‍ഷകര്‍, ഓരുജല കര്‍ഷകര്‍, ചെമ്മീന്‍ കര്‍ഷകര്‍, നൂതന മത്സ്യകൃഷി നടപ്പിലാക്കുന്ന കര്‍ഷകര്‍, അലങ്കാര മത്സ്യ റീയറിംഗ് യൂണിറ്റ് നടപ്പിലാക്കുന്ന കര്‍ഷകര്‍, പിന്നാമ്പുറം മത്സ്യ വിത്തുല്‍പാദന യൂണിറ്റ് കര്‍ഷകര്‍ എന്നീ വിഭാഗങ്ങളിലായി സംസ്ഥാനതലത്തില്‍ മൂന്ന് സ്ഥാനങ്ങള്‍ക്കാണ് മത്സ്യ കര്‍ഷക അവാര്‍ഡ് നല്‍കുന്നത്.

ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കും മത്സ്യകൃഷിയ്ക്കായി മികച്ച രീതിയില്‍ തുക വകയിരുത്തി പ്രവര്‍ത്തിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അവാര്‍ഡ് നല്‍കും. ഫിഷറീസ് വകുപ്പിന്റെ ഗുണഭോക്താക്കള്‍ അല്ലാത്ത മത്സ്യ കര്‍ഷകരെയും അവാര്‍ഡിനായി പരിഗണിക്കും. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ മത്സ്യകൃഷിയുമായി ബന്ധപ്പെട്ട് നൂതന സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുത്ത സ്റ്റാര്‍ട്ടപ്പ്‌സ് എന്നിവരുടെ അപേക്ഷ അവാര്‍ഡിന് പ്രത്യേകമായി പരിഗണിക്കും.

അപേക്ഷകര്‍ അപേക്ഷകന്റെ മത്സ്യകൃഷിയും കൃഷിയിടവുമായി ബന്ധപ്പെട്ട നേട്ടങ്ങള്‍ വിശദീകരിക്കുന്ന 10 മിനിറ്റില്‍ അധികരിക്കാത്ത വീഡിയോ ഉള്‍പ്പെടുത്തേണ്ടതാണ്. ഈ വീഡിയോയില്‍ മത്സ്യകൃഷിയിടത്തിലെ നെയിം ബോര്‍ഡ്, ലൊക്കേഷന്‍, അടിസ്ഥാന സൗകര്യങ്ങള്‍, ഉല്‍പാദനം, ജലസ്രോതസ്സ്, ഉല്‍പാദനത്തിന് അനുവര്‍ത്തിച്ച മാര്‍ഗ്ഗങ്ങള്‍, സ്റ്റോക്കിംഗ് വിവരങ്ങള്‍, അതിജീവന നിരക്ക്, സാമ്പത്തിക വിശകലനം, കര്‍ഷകന്റെ പ്രവൃത്തി പരിചയം എന്നീ വിഷയങ്ങള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണ്. അപേക്ഷ ഫോം തൃശ്ശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലും മത്സ്യഭവനുകളിലും മത്സ്യകര്‍ഷക വികസന ഏജന്‍സി ഓഫീസിലും ലഭ്യമാണ്. അപേക്ഷ ജൂണ്‍ 15 നകം തൃശ്ശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലോ മത്സ്യഭവനുകളിലോ മത്സ്യകര്‍ഷക വികസന ഏജന്‍സി ഓഫീസിലോ സമര്‍പ്പിക്കേണ്ടതാണ്.

വിശദ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2421090, എഫ്ഇഒ പീച്ചി- 9493767715, എഫ്ഇഒ ചാവക്കാട് 8281158514, എഫ്ഇഒ അഴിക്കോട് 9846307124, നാട്ടിക/ ചാലക്കുടി -8281793955.

date