Skip to main content

ഷിഗെല്ല: ജാഗ്രത പാലിക്കണം

ജില്ലയില്‍ ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ശുചിത്വ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 

പകര്‍ച്ചാ സാധ്യത കൂടുതലായ ഷിഗെല്ല രോഗബാധ, ബാക്ടീരിയ പരത്തുന്ന വയറിളക്ക രോഗമാണ്. രോഗിയുടെ മലവിസര്‍ജ്യത്തിലൂടെ പുറത്തുവരുന്ന രോഗാണുക്കളാല്‍ മലിനമായ ആഹാരം, വെള്ളം, രോഗാണുക്കളുള്ള പ്രതലങ്ങള്‍, രോഗി പരിചരണം എന്നിവയിലൂടെ ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പകരുന്നു. പനി, വയറിളക്കം, ഛര്‍ദ്ദി, മനംപിരട്ടല്‍, രക്തം കലര്‍ന്ന മലം, വേദനയോടെ ഇടവിട്ട് ശുചിമുറിയില്‍ പോകണമെന്ന തോന്നല്‍ തുടങ്ങിയവ ലക്ഷണങ്ങളാണ്.

ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടണം. രോഗികളുടെ ശരീരത്തിലെ ലവണങ്ങള്‍ നഷ്ടപ്പെടുന്നതും ജലനഷ്ടവും പരിഹരിക്കാന്‍ ഒ.ആര്‍.എസ് പാനീയം ഇടക്കിടെ കുടിക്കണം. സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നും അങ്കണവാടികളില്‍നിന്നും ലഭിക്കുന്ന ഒ.ആര്‍.എസ്  പാക്കറ്റിലെ മിശ്രിതം ഒരു ലിറ്റര്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ പൂര്‍ണമായി ലയിപ്പിച്ചശേഷം ഉപയോഗിക്കാം. തയാറാക്കി 24 മണിക്കൂര്‍ കഴിഞ്ഞ ശേഷം ഉപയോഗിക്കരുത്. മരുന്നുകള്‍ നിര്‍ദേശിക്കുന്ന  ക്രമത്തില്‍ ഡോസ് പൂര്‍ത്തിയാക്കി കഴിക്കണം.

ആഹാര-പാനീയ ശുചിത്വം, വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിച്ച് രോഗപ്രതിരോധം ഉറപ്പാക്കണം. പാചകം ചെയ്യുന്നതിന് മുമ്പും ആഹാരം വിളമ്പുന്നതിന് മുമ്പും കഴിക്കുന്നതിന് മുമ്പും ശുചിമുറി ഉപയോഗിച്ച ശേഷവുമെല്ലാം സോപ്പ് ഉപയോഗിച്ച് 20 സെക്കന്‍ഡ് സമയം വിരലുകള്‍ക്കിടയിലും നഖങ്ങള്‍ തമ്മില്‍ ഉരച്ചും വൃത്തിയായി കഴുകണം. കൈകള്‍ മലിനമാകാന്‍ ഇടയുള്ള എല്ലാ സാഹചര്യങ്ങളിലും ഇങ്ങനെ ചെയ്യണം.  

രോഗികള്‍ ശ്രദ്ധിക്കേണ്ടത് 

* രോഗികള്‍ വ്യക്തിശുചിത്വം പാലിച്ചാല്‍ മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാനാവും.

* ടോയ്‌ലറ്റില്‍ പോയ ശേഷം എല്ലായ്‌പ്പോഴും സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകണം. കൈ കഴുകുമ്പോള്‍  വിരലുകള്‍ക്കിടയിലും നഖങ്ങള്‍ ഉരച്ചും കഴുകണം.

* ഉപയോഗശേഷം ടോയ്‌ലറ്റ് അണുനാശിനി ഉപയോഗിച്ച് കഴുകുക.

* വീടിനുള്ളില്‍ ഛര്‍ദ്ദില്‍ വീണാല്‍ അണുനാശിനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.

* അസുഖം ബാധിച്ചവര്‍ ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍, ഗ്ലാസ് എന്നിവ സോപ്പ് ഉപയോഗിച്ച് കഴുകുക. മറ്റുള്ളവര്‍ ഇവ ഉപയോഗിക്കരുത്.

* രോഗലക്ഷണങ്ങള്‍ കുറഞ്ഞാലും രണ്ടാഴ്ചയെങ്കിലും പൊതുചടങ്ങുകളില്‍ ഭക്ഷണം വിളമ്പുക, ആഹാരം പങ്കിടുക, ഭക്ഷണ ശാലകളില്‍ പോകുക എന്നിവ ഒഴിവാക്കണം.

ഉറപ്പാക്കണം വീടുകളിലെ ശുചിത്വം 

* കിണര്‍/പൈപ്പ്/ആര്‍.ഒ പ്ലാന്റ് തുടങ്ങി എവിടെ നിന്നുള്ള വെള്ളമാണെങ്കിലും തിളപ്പിച്ച ശേഷം കുടിക്കുക

* പാചകം ചെയ്യുന്നതിന് മുമ്പും ഭക്ഷണം വിളമ്പുന്നതിന് മുമ്പും ആഹാരം കഴിക്കുന്നതിന് മുമ്പും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം

* പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ കഴുകിയ ശേഷം ഉപയോഗിക്കുക.

* കക്ക, കൊഞ്ച്, കണവ പോലുള്ള കടല്‍വിഭവങ്ങള്‍, മുട്ട, മാംസം എന്നിവ സമയമെടുത്ത് നന്നായി പാചകം ചെയ്ത ശേഷം കഴിക്കുക.

* പഴകിയ ഭക്ഷണം കഴിക്കരുത്. ചൂടുള്ള ഭക്ഷണങ്ങളും പാനീയങ്ങളും ഉപയോഗിക്കുക

* പാനീയങ്ങള്‍ തയാറാക്കുമ്പോള്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. തിളപ്പിക്കാത്ത പാല്‍ ഉപയോഗിച്ചുള്ള ഒരു പാനീയവും ഉപയോഗിക്കരുത്.

* വീട്ടിലെ കുഞ്ഞുങ്ങള്‍, വയോജനങ്ങള്‍ എന്നിവര്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ വൃത്തി ഉറപ്പാക്കണം

* അടുക്കളയിലും ഭക്ഷണം കഴിക്കുന്നിടത്തും ഈച്ച വരാതെ സൂക്ഷിക്കുക.

* മലവിസര്‍ജനം ടോയ്ലറ്റില്‍ മാത്രം നടത്തുക. കുഞ്ഞുങ്ങളുടെ വിസര്‍ജ്യവും ടോയ്ലറ്റില്‍ ഒഴിവാക്കണം

* കുഞ്ഞുങ്ങളുടെയും കിടപ്പുരോഗികളുടെയും ഡയപ്പറുകള്‍ കൃത്യമായി സംസ്‌കരിക്കുക

* കഴിയുന്നതും വീട്ടില്‍ തയാറാക്കുന്ന ഭക്ഷണം കഴിക്കുക

date