Skip to main content

ആർക്കിടെക്ചർ കോഴ്‌സിലേയ്ക്ക് പുതുതായി അപേക്ഷ സമർപ്പിക്കുന്നതിന് അവസരം

സംസ്ഥാനത്തെ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളിലേയ്ക്ക് 2026-27 അധ്യയന വർഷത്തെ പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്ക് ആർക്കിടെക്ചർ (ബി.ആർക്ക്) കോഴ്‌സിലേക്ക് പ്രവേശനത്തിനായി പുതുതായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം. കീം 2026 മുഖേന എഞ്ചിനീയറിംഗ്/ഫാർമസി/മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ എന്നിവയിലേതെങ്കിലും കോഴ്‌സുകൾക്ക് ഇതിനോടകം ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ചിട്ടുള്ള അപേക്ഷകർക്ക് ആവശ്യമുള്ള പക്ഷം ആർക്കിടെക്ചർ കോഴ്‌സ് പ്രസ്തുത അപേക്ഷയിൽ കൂട്ടിചേർക്കുന്നതിനും അവസരം ലഭ്യമാക്കിയിട്ടുണ്ട്.

കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തിയ NATA പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടിയവർക്ക് ആർക്കിടെക്ചർ (ബി.ആർക്ക്) കോഴ്‌സിന് അപേക്ഷിക്കാം. പുതുതായി അപേക്ഷകൾ സമർപ്പിക്കുന്നതിനും കീം 2026-ൽ ഇതിനോടകം അപേക്ഷിച്ചവർക്ക് കോഴ്‌സുകൾ കൂട്ടിച്ചേർക്കുന്നതിനും ജൂൺ 18 ഉച്ചയ്ക്ക് 12 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ സൗകര്യം ഉണ്ടായിരിക്കും. പുതുതായി അപേക്ഷ സമർപ്പിക്കുന്നതിന് (കീം 2026 മുഖേന നേരത്തെ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അപേക്ഷകളൊന്നും സമർപ്പിച്ചിട്ടില്ലാത്ത വിദ്യാർത്ഥികൾക്ക് മാത്രം. നേരത്തെ അപേക്ഷിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷ സമർപ്പിച്ചാൽ പുതിയ അപേക്ഷ നിരസിക്കപ്പെടുന്നതാണ്.)

പുതുതായി അപേക്ഷ സമർപ്പിക്കുന്നവർക്ക് ആർക്കിടെക്ചർ കോഴ്‌സ് തെരഞ്ഞെടുത്ത് അപേക്ഷ സമർപ്പിക്കാം. ഇതിനായി www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ 'KEAM 2026-Online Application' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്, രജിസ്‌ട്രേഷൻ നടത്തി പ്രോസ്‌പെക്ടസ് ക്ലോസ് 7.4 ൽ പ്രതിപാദിക്കുന്ന പ്രകാരം ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിച്ചതിനു ശേഷം ലഭിക്കുന്ന അക്‌നോളഡ്ജ്മെന്റ് പേജിന്റെ പ്രിന്റൗട്ട് അപേക്ഷകർ സൂക്ഷിക്കേണ്ടതാണ്. അപേക്ഷയുടെ പ്രിന്റൗട്ട്, മറ്റ് രേഖകൾ എന്നിവ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിലേക്ക് അയക്കേണ്ടതില്ല.

നേരത്തെ സമർപ്പിച്ചിട്ടുള്ള അപേക്ഷയിൽ ആർക്കിടെക്ചർ കോഴ്‌സ് കൂട്ടിച്ചേർക്കുന്നതിന്

(കീം-2026 മുഖേന ഏതെങ്കിലും കോഴ്‌സുകൾക്കായി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഇതിനോടകം അപേക്ഷകൾ സമർപ്പിച്ചിട്ടുള്ളവർക്ക് മാത്രം)

ഇതിനായി മേൽ വെബ്‌സൈറ്റിലെ 'KEAM 2026-Candidate Portal' എന്ന ലിങ്കിലൂടെ അപേക്ഷാ നമ്പറും, പാസ്വേർഡും നൽകി വിദ്യാർത്ഥികൾ അവരുടെ ഹോം പേജിൽ പ്രവേശിക്കേണ്ടതാണ്. അതിനുശേഷം 'Add course' എന്ന മെനു ക്ലിക്ക് ചെയ്ത് ആർക്കിടെക്ചർ കോഴ്‌സ് കൂട്ടിച്ചേർക്കാവുന്നതാണ്. ഇതിനായി പുതിയ അപേക്ഷ സമർപ്പിക്കാൻ പാടുള്ളതല്ല.

അപേക്ഷാ ഫീസ് ഒടുക്കേണ്ട വിധം

പുതുതായി സമർപ്പിക്കുന്ന അപേക്ഷകർക്കുള്ള അപേക്ഷാ ഫീസ്/അധിക അപേക്ഷാ ഫീസ് ഓൺലൈനായി ഒടുക്കേണ്ടതാണ്.

പ്രത്യേക ശ്രദ്ധയ്ക്ക്

1. മുമ്പ് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ 'KEAM 2026 Candidate Portal' ൽ അപേക്ഷാ നമ്പരും പാസ്വേർഡും നൽകി ആർക്കിടെക്ചർ കോഴ്‌സ് കൂട്ടിച്ചേർക്കാവുന്നതാണ്. പ്രോസ്‌പെക്ടസ് വ്യവസ്ഥ പ്രകാരം ഒരു വിദ്യാർത്ഥി ഒരു അപേക്ഷ മാത്രമേ സമർപ്പിക്കാൻ പാടുള്ളൂ. ഒന്നിലേറെ അപേക്ഷകൾ ഒരാൾ സമർപ്പിക്കുന്നത് അപേക്ഷാർത്ഥിത്വം (candidature) റദ്ദാക്കുന്നതിന് കാരണമായേക്കാം.

2. പുതുതായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥികളിൽ സാമുദായിക സംവരണം (കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, കേരളത്തിലെ വിദ്യാഭ്യാസ ആവശ്യത്തിനുള്ള നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്) സാമ്പത്തിക സംവരണാനുകൂല്യങ്ങൾ (വരുമാന സർട്ടിഫിക്കറ്റ്) പ്രത്യേക സംവരണം EWS ക്വാട്ട (സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണതര വിഭാഗക്കാർക്കുള്ള സീറ്റ്) എന്നിവ ആവശ്യമുള്ളവർ ആവശ്യമായ അനുബന്ധ രേഖകൾ എന്നിവ ഓൺലൈൻ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. അനുബന്ധ രേഖകൾ സമർപ്പിക്കാൻ പിന്നീട് അവസരം ലഭിക്കുന്നതല്ല.

പുതുതായി അപേക്ഷകൾ സമർപ്പിക്കുന്നതിനും, പുതുതായി കോഴ്‌സുകൾ കൂട്ടിച്ചേർക്കുന്നതിനും മുമ്പ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in  വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള 2026-27 അധ്യയന വർഷത്തിലെ സംസ്ഥാനത്തെ എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സുകളുടെ പ്രവേശനം സംബന്ധിച്ച വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന സർക്കാർ അംഗീകൃത പ്രോസ്‌പെക്ടസിലെ വ്യവസ്ഥകളും ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളും 05.01.2026 ലെ കീം അപേക്ഷാ സമർപ്പണം സംബന്ധിച്ചുള്ള വിജ്ഞാപനവും അപേക്ഷകർ ശ്രദ്ധിക്കേണ്ടതാണ്.

പി.എൻ.എക്‌സ്. 2012/2026

date