Skip to main content

വായനദിനം ജില്ലാതല ഉദ്ഘാടനം ഇന്ന് (19) കാളിയാര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍

ദേശീയ വായന മാസാഘോഷം വായനദിനമായ ഇന്ന് (ജൂണ്‍ 19) വെള്ളിയാഴ്ച രാവിലെ 11.00 ന് കാളിയാര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി.  ഉദ്ഘാടനം ചെയ്യും. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ വൈസ് ചെയര്‍മാന്‍ ജോസ് വഴുതനപ്പിള്ളി അധ്യക്ഷത വഹിക്കും. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫന്‍, ഇളംദേശം  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്‌കര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഐ. ആര്‍. പ്രസാദ് ചടങ്ങില്‍ സ്വാഗതം ആശംസിക്കും.

പി.എന്‍.പണിക്കര്‍ അനുസ്മരണാര്‍ഥം ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പൊതുവിദ്യാഭ്യാസ വകുപ്പ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവ സംയുക്തമായി ജൂണ്‍ 19 മുതല്‍ ജൂലൈ 18 വരെയാണ് വായന മാസാഘോഷം സംഘടിപ്പിക്കുന്നത്.

പി. എന്‍. പണിക്കര്‍ സേവാ പുരസ്‌കാര ജേതാക്കളെ ചടങ്ങില്‍ ആദരിക്കും. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ (ജില്ലാ പ്രസിഡന്റ് ജോയി കാട്ടുപള്ളി വായനദിന റാലി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഗീത പി.സി. വായനദിന പ്രതിജ്ഞ ചൊല്ലും. കാളിയാര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് പോത്തനാമുഴി വായനദിന സന്ദേശം നല്‍കും. സാഹിത്യകാരന്‍ പ്രൊഫ. ചാക്കോ കരിന്തോളില്‍ പി.എന്‍.പണിക്കര്‍ സ്മൃതി നിര്‍വഹിക്കും.  
വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസഫ് അറയ്ക്കത്തോട്ടം, ജില്ലാ പഞ്ചായത്തംഗം ഷൈനി റെജി, സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എം.കരീം, സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപിക ലൂസി ജോര്‍ജ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി നൈസി തോമസ്, തൊടുപുഴ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ജോര്‍ജ് അഗസ്റ്റിന്‍, വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് അംഗം അനീഷ് കിഴക്കേല്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ കമ്മിറ്റി അംഗം ബോബില്‍ ജോസഫ്, സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പ്രധാനാധ്യാപകന്‍ ജോ മാത്യു, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി ലാലു ചക്കനാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

(ഐ.ഡി.കെ. പി. ആര്‍.  906/06/26)

ഡോ. എ. നസീം ഇടുക്കി ജില്ലാ പോലീസ് മേധാവി

ഡോ. എ. നസീം ഇടുക്കി ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു.  

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശിയായ ഇദ്ദേഹം 1995 ല്‍ സബ് ഇന്‍സ്പക്ടര്‍ ആയി കേരളാ പോലീസ് സര്‍വീസില്‍ പ്രവേശിച്ചു. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ സി.ഐ ആയും ഡിവൈഎസ്പിയായും ജോലി ചെയ്തു. 2021 ല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് (അഡ്മിന്‍) ആയി തിരുവനന്തപുരം സിറ്റിയില്‍ ജോലി ചെയ്തു.

കഴിഞ്ഞ മൂന്നു വര്‍ഷമായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റില്‍ എസ്.പിയായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. കേരളത്തിലെ കസ്റ്റോഡിയല്‍ മരണത്തെക്കുറിച്ചുളള പഠനത്തിന് ഭാരതീയാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ പി.എച്ച്.ഡി നേടിയിട്ടുണ്ട്.

ചിത്രം: ഇടുക്കി ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റ ഡോ. എ. നസീം

(ഐ.ഡി.കെ. പി. ആര്‍.  907/06/26)

അന്താരാഷ്ട ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടികള്‍

ജൂണ്‍ 26 ന് അന്താരാഷ്ട ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ എം.എല്‍.എ മാരുടെ നേതൃത്വത്തില്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, ലൈബ്രറി, റസിഡന്‍സ് അസോസിയേഷനുകള്‍, എന്‍.ജി.ഒമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി പരമാവധി ജനപങ്കാളിത്തം ഉറപ്പുവരുത്തി പരിപാടികള്‍ സംഘടിപ്പിക്കും.

അന്താരാഷ്ട ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി എസ്.പി.സി, എന്‍.സി.സി, , വിവിധസംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവരെ പങ്കെടുപ്പിച്ച് വിവിധ കേന്ദ്രങ്ങളില്‍ റാലികള്‍ നടത്തും.  

സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഉപന്യാസരചന, ചിത്രരചന, പോസ്റ്റര്‍ രചന, കഥാരചന തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും വിജയികള്‍ക്ക് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ നടത്തുന്ന പരിപാടിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട് പ്രോജക്ടിന്റെ ഭാഗമായി സ്‌കൂള്‍, കോളേജ്, ബസിലെ ജീവനക്കാരെയും പരിശോധിക്കുന്നതിന് ജില്ലാ പോലീസ് മേധാവി, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ ലഹരി ഉപയോഗം മൂലം സംഭവിക്കുന്ന സ്വഭാവമാറ്റങ്ങളെക്കുറിച്ച് അധ്യാപകര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കും. സ്‌കൂള്‍ പരിസരത്തെ കടകളില്‍ ഇവിടെ 'ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്താന്‍ പാടില്ല'എന്നുള്ള ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. സ്‌കൂള്‍ പരിസരത്തുള്ള കടകളില്‍ ലഹരി വില്‍പ്പന നടത്തുന്ന കടകളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.  

ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട് പ്രൊജക്ടിന്റെ ഭാഗമായി ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ലഹരി വിരുദ്ധ ദിനാചരണ പരിപാടികളുടെ ഏകോപനവുമായി ബന്ധപ്പെട്ടും മന്ത്രി അനൂപ് ജേക്കബിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസ്സുകളില്‍ ഉള്‍പ്പെടുന്നവരുടെ പുനരധിവാസം, ചികിത്സ, കണ്‍സിലിംഗ്, ഡി അഡിക്ഷന്‍ ടീറ്റ്മെന്റ് എന്നിവ സംബന്ധിച്ച് നടപടി സ്വീകരിക്കാന്‍ ജില്ലാ സാമൂഹിക നീതി ഓഫീസര്‍, ജില്ലാ വനിതാസിശുവികസന ഓഫീസര്‍, ജില്ലാ പോലീസ് മേധാവി, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം എന്നിവരെ ചുമതലപ്പെടുത്തി.

ജില്ലയിലെ പട്ടികജാതി, പട്ടികവര്‍ഗ ഉന്നതികള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ ശക്തമാക്കുകയും സ്‌കൂള്‍ വിദ്യര്‍ത്ഥികള്‍ക്കിടയില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ഐ.റ്റി.ഡി.പി ഇടുക്കി പ്രോജക്ട് ഓഫീസര്‍ എന്നിവരെയും ചുമതലപ്പെടുത്തി.
 

date