Skip to main content

സെന്‍സസ്; പതിനായിരത്തിലധികം പേര്‍ സെല്‍ഫ് എന്യുമറേഷന്‍ പൂര്‍ത്തിയാക്കി

 തൃശ്ശൂര്‍ ജില്ലയില്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കിയ സെല്‍ഫ് എന്യുമറേഷന്‍ സംവിധാനത്തിന് വന്‍ സ്വീകാര്യത. ജില്ലയില്‍ ഇതുവരെ പതിനായിരത്തിലധികം പേര്‍ ഓണ്‍ലൈന്‍ വഴി സെല്‍ഫ് എന്യുമറേഷന്‍ പൂര്‍ത്തീകരിച്ചു. കലാകാരനും ശില്‍പിയും ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ ഡാവിഞ്ചി സുരേഷ്, സിനിമാ താരവും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍ തുടങ്ങിയവരും സെന്‍സസിന്റെ ഭാഗമായി സെല്‍ഫ് എന്യുമറേഷന്‍ പൂര്‍ത്തിയാക്കി.

പൊതുജനങ്ങള്‍ക്ക് സ്വന്തമായി വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള സെല്‍ഫ് എന്യുമറേഷന്‍ സംവിധാനം https://se.census.gov.in എന്ന വെബ്‌സൈറ്റ് വഴി ജൂണ്‍ 30 വരെ ലഭ്യമാണ്. ജൂലൈ ഒന്ന് മുതല്‍ 30 വരെയുള്ള കാലയളവില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി എന്യുമറേറ്റര്‍മാര്‍ വീടുകള്‍ സന്ദര്‍ശിക്കും.

സെന്‍സസിന്റെ ഒന്നാം ഭവനപ്പട്ടിക തയ്യാറാക്കലുമായി ബന്ധപ്പെട്ട് വീടുകളെക്കുറിച്ചുള്ള വിവരങ്ങളാണ് പൊതുജനങ്ങള്‍ പ്രധാനമായും നല്‍കേണ്ടത്. വ്യക്തികള്‍ നിലവില്‍ താമസിക്കുന്നത് വാടകവീടുകളിലാണെങ്കില്‍ പോലും ആ വീടിന്റെ വിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത്. ഒരു കുടുംബത്തില്‍ നിന്നും ഉത്തരവാദിത്തപ്പെട്ട ഒരാള്‍ വിവരങ്ങള്‍ നല്‍കിയാല്‍ മതി.

സെല്‍ഫ് എന്യുമറേഷന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന 'H'-ല്‍ തുടങ്ങുന്ന എസ്ഇ ഐഡി വീടുകള്‍ സന്ദര്‍ശിക്കുന്ന വേളയില്‍ എന്യുമറേറ്റര്‍മാര്‍ക്ക് നല്‍കണം. പൊതുജനങ്ങള്‍ നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് എന്യുമറേറ്റര്‍മാര്‍ വിവരങ്ങള്‍ സ്ഥിരീകരിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവരും പ്രായമായവരും എന്യുമറേറ്റര്‍മാര്‍ വീടുകള്‍ സന്ദര്‍ശിക്കുന്ന സമയത്ത് വിവരങ്ങള്‍ നല്‍കിയാല്‍ മതിയാകും.

date