പകർച്ചവ്യാധി പ്രതിരോധം: നടപടികൾ ശക്തമാക്കുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ
മഴക്കാലത്തോടനുബന്ധിച്ച് സംസ്ഥാനത്ത് പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും ജില്ലകളുടെ മേൽനോട്ടച്ചുമതലയുള്ള സംസ്ഥാനതല ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയതായി ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി. മീനാക്ഷി അറിയിച്ചു. ഇതിനായി ജൂൺ 18 നു പ്രത്യേക ഓൺലൈൻ യോഗം വിളിച്ച് ചേർത്ത് നിർദ്ദേശം നൽകിയെന്ന് ഡി.എച്ച്.എസ് പറഞ്ഞു.
ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ്, ജില്ലാ മെഡിക്കൽ ഓഫീസുകൾ, പ്രധാന ആശുപത്രികൾ എന്നിവ കേന്ദ്രീകരിച്ച് പകർച്ചവ്യാധി പ്രതിരോധത്തിനായി റാപ്പിഡ് റെസ്‌പോൺസ് സെല്ലുകൾ (RR Cell) രൂപീകരിക്കും. ആശുപത്രികളിൽ സുപ്രണ്ടിന്റെ നേതൃത്വത്തിലും ജില്ലകളിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേത്തൃത്വത്തിലും കൃത്യമായ ഇടവേളകളിൽ പ്രവർത്തനങ്ങൾ അവലോകനം നടത്തും.
താലൂക്ക്, ജില്ലാ. ജനറൽ ആശുപത്രികളിലെ ഒ.പി സമയക്രമയത്ത് ഡോക്ടർമാരും, ജീവനക്കാരും കൃത്യമായി ജോലിക്ക് ഹാജരാകുന്നുണ്ടെന്നു ഡി.എം.ഒമാർ ഉറപ്പാക്കും. രാവിലെ കൃത്യം 8 മണിക്ക് തന്നെ സ്ഥാപനങ്ങളിൽ ഒ.പി ചികിത്സകൾ ആരംഭിക്കാനും രോഗികളുടെ ബാഹുല്യം കണക്കിലെടുത്ത് ആവശ്യമായി വന്നാൽ ഒ.പി സമയക്രമം വർദ്ധിപ്പിക്കാനും അതോടൊപ്പം ലാബ്, ഫാർമസി എന്നിവിടങ്ങളിലെ സമയക്രമവും വർദ്ധിപ്പിക്കാനും നടപടി സ്വീകരിക്കും. സൂപ്രണ്ട് / മെഡിക്കൽ ഓഫീസർ എന്നിവർ ലീവ് എടുക്കുമ്പോൾ ബന്ധപ്പെട്ട ജില്ല മെഡിക്കൽ ഓഫീസറെ മുൻകൂട്ടി അറിയിക്കാനും ജില്ലാമെഡിക്കൽ ഓഫീസർമാർ ലീവ് എടുക്കുമ്പോൾ ഡി.എച്ച്.എസ് നെ മുൻകൂട്ടി അറിയിക്കാനും നിർദ്ദേശം നൽകി.
അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ ജൂൺ, ജൂലൈ മാസങ്ങളിൽ ആരോഗ്യവകുപ്പ് ജീവനക്കാർക്ക് അവധി അനുവദിക്കില്ല; നീണ്ട അവധി മെഡിക്കൽ സർട്ടിഫിക്കറ്റിൻറെ പിൻബലത്തോടെ മാത്രമേ അനുവദിക്കൂ എന്നും ഡി.എച്ച്.എസ് അറിയിച്ചു.
ആശുപത്രികളിൽ ആവശ്യമായ മരുന്നുകളും, മറ്റ് അനുബന്ധ സാധനങ്ങളും ആവശ്യത്തിനു സ്റ്റോക്ക് ഉണ്ടെന്നും ഗുണനിലവാരമുള്ള മരുന്നുകളാണ് ഉപയോഗികുന്നതെന്നും ഉറപ്പാക്കും.
ആശുപത്രികളിലെ രോഗപ്പകർച്ച തടയാൻ എത്തുന്ന രോഗികളും ജീവനക്കാരും കൂട്ടിരിപ്പുകാരും മാസ്‌ക് ധരിക്കുന്നുണ്ടെന്നു ഉറപ്പാക്കും. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പനിവാർഡുകളും പനി ക്ലിനിക്കുകളും തുടങ്ങും. ആശുപത്രികളിൽ നിന്നുള്ള രോഗവ്യാപനം തടയുന്നതിനായി പനി വാർഡുകൾ കൊതുകുകൾ കടക്കാത്ത വിധം സൂക്ഷിക്കാനും, പനിയുള്ള രോഗികളെ കൊതുകു വലയ്ക്കുള്ളിൽ കിടത്താനും ആശുപത്രികളിൽ വരുന്ന രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും ആവശ്യമായ സീറ്റിങ് അറേഞ്ച്‌മെന്റ്, ശുദ്ധജലം, ടോയ്‌ലറ്റ് സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാനും നടപടി സ്വീകരിക്കും.
ജൂലൈ 31 വരെ നടത്തുന്ന സ്റ്റോപ്പ് ഡയറിയ ക്യാമ്പയിനിന്റെ ഭാഗമായി ORS/Zinc, ബ്ലീച്ചിംഗ് പൌഡർ എന്നിവയുടെ സ്റ്റോക്ക് ഉറപ്പാക്കും. ആശുപത്രിയിൽ പൊതുജനങ്ങൾക്കു ആവശ്യത്തിനു ലഭിക്കുന്ന രീതിയിൽ ORS-Zinc കോർണറുകൾ പ്രവര്തനക്ഷമാമാക്കിയിട്ടുണ്ട്.
ആശുപത്രിക്കകവും പരിസരവും വൃത്തിയായി സൂക്ഷിക്കാനും, കാടു പിടിച്ച സ്ഥലങ്ങൾ വെട്ടിത്തെളിക്കാനും നിർദ്ദേശം നൽകി. ആശുപത്രിയിലെ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പുവരുത്തും. കെട്ടിടങ്ങളിൽ ഷോർട്ട് സർക്യൂട്ട് പോലുള്ള അപകടങ്ങൾ ഒഴിവാക്കാൻ ഫയർ ആൻഡ് സേഫ്റ്റി ക്രമീകരണങ്ങൾ ഉറപ്പാക്കും.
കൊതുക് നശീകരണത്തിന് ആവശ്യമായ കൂത്താടി ഭോജികളായ ഗപ്പി/ ഗംബൂസിയ മത്സ്യങ്ങളെ വളർത്തുന്ന ടാങ്ക് ആശുപത്രിയിൽ ഉറപ്പാക്കും. ജില്ലാ കൊതുക് നിയന്ത്രണ യൂണിറ്റുകൾ ഹോട്‌സ്‌പോട്ട് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്തി പൊതുജന പങ്കാളിത്തത്തോടെ കൊതുക് നശീകരണ പവർത്തനങ്ങൾ ശക്തമാക്കും.
ആരോഗ്യ സ്ഥാപനങ്ങളിൽ ബെഡുകളും, എല്ലാ ഉപകരണങ്ങളും ഉപയോഗയോഗ്യമാണെന്ന് ഉറപ്പുവരുത്തും. പകർച്ചവ്യാധികൾ ബാധിച്ചവരെ ചികിത്സിക്കാൻ ഐസൊലേഷൻ വാർഡുകൾ ഉള്ള സ്ഥാപനങ്ങളിൽ അവ പ്രവർത്തനക്ഷമമാക്കാനും നിർദ്ദേശം നൽകി.
എലിപ്പനി തുടക്കത്തിലെ കണ്ടെത്താനും ചികിത്സിക്കാനും സംവിധാനമൊരുക്കും. തൊഴിലുറപ്പ് തൊഴിലാളികൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് Utility gloves, Gum boots വിതരണം ചെയ്യുകയും ഡോക്‌സി പ്രതിരോധ ചികിസ ഉറപ്പ് വരുത്താനും നിർദ്ദേശം നൽകി.
ദുർഘടമായ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കായി മൊബൈൽ യൂണിറ്റ് സേവനം, മെഡിക്കൽ ക്യാമ്പ് എന്നിവ ലഭ്യമാക്കുന്നതിനുള്ള നിർദ്ദേശം എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർക്കും സൂപ്രണ്ടുമാർക്കും നിർദ്ദേശം നൽകി.
കുടിവെള്ള സ്രോതസുകൾ ജനപങ്കാളിത്തത്തോടെ ക്ലോറിനേറ്റ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
ആന്റി റാബിസ് സിറം, ആന്റി സ്‌നേക് വെനം എന്നിവ താലൂക്ക് ആശുപത്രി മുതലുള്ള പ്രധാന ആരോഗ്യസ്ഥാപനങ്ങളിൽ ലഭ്യമാക്കും. കൂടാതെ FHC/PHC/CHC ഉൾപ്പെടെയുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ പേവിഷ ബാധക്കെതിരായ IDRV- ലഭ്യത ഉറപ്പാക്കും.
പി.എൻ.എക്‌സ്. 2114/2026
- Log in to post comments