Skip to main content
ലിറ്റില്‍ കൈറ്റ്‌സ് സ്റ്റുഡന്റ് മെന്റ്ര്‍മാര്‍ക്കായി സംഘടിപ്പിച്ച പരിശീലനം

ലിറ്റില്‍ കൈറ്റ്‌സില്‍ ഇനി സ്റ്റുഡന്റ് മെന്റര്‍മാരും; ജില്ലയില്‍ 613 പേര്‍ക്ക് പരിശീലനം നല്‍കി

പൊതുവിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് ഐ.ടി ക്ലബുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയവും ഫലപ്രദവുമാക്കല്‍ ലക്ഷ്യമിട്ട് 'സ്റ്റുഡന്റ്് മെന്റ്ര്‍' പദ്ധതിക്ക് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) തുടക്കം കുറിച്ചു. നിലവില്‍ ജില്ലയിലെ 162 സ്‌കൂള്‍ യൂണിറ്റുകളിലായി 18,976 കുട്ടികള്‍ ലിറ്റില്‍ കൈറ്റ്‌സില്‍ അംഗങ്ങളാണ്. 360 അധ്യാപകര്‍ ജില്ലയില്‍ കൈറ്റ് മെന്റര്‍മാരായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു പുറമെയാണ് പത്ത് കുട്ടികള്‍ക്ക് ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ ജില്ലയിലെ 162 യൂണിറ്റുകളില്‍ നിന്നായി 631 'സ്റ്റുഡന്റ് മെന്റര്‍മാരെ' തിരഞ്ഞെടുത്തത്.
സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്നതിനപ്പുറം കുട്ടികളില്‍ സഹാനുഭൂതിയും വിനിമയ പാടവവും വളര്‍ത്തിയെടുക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് ആദ്യ ശില്‍പശാലയില്‍ ഓണ്‍ലൈനായി സംവദിച്ച കൈറ്റ് സി.ഇ.ഒ കെ അന്‍വര്‍ സാദത്ത് പറഞ്ഞു. ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റിലെ പ്രവര്‍ത്തന മികവ്, നേതൃപാടവം, സഹജീവികളോടുള്ള താല്‍പര്യം, ആശയവിനിമയ ശേഷി, സാങ്കേതിക പരിജ്ഞാനം എന്നിവയുടെ അടിസ്ഥാനത്തില്‍ ഒമ്പതാം ക്ലാസിലെ അംഗങ്ങളില്‍ നിന്നാണ് സ്റ്റുഡന്റ് മെന്റര്‍മാരെ തിരഞ്ഞെടുത്തത്. 
തങ്ങളുടെ ഗ്രൂപ്പിലുള്ളവര്‍ക്ക് ഐ.ടി ഉള്‍പ്പെടെയുള്ള പാഠഭാഗങ്ങള്‍ കൃത്യമായി മനസ്സിലാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, ക്ലാസുകളില്‍ അധ്യാപകരെ സഹായിക്കുക, ക്ലബിന്റെ പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക എന്നിവയാണ് പ്രധാന ചുമതലകള്‍. കൂടാതെ, ഡിജിറ്റല്‍ തുല്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി വീടുകളില്‍ ലാപ്‌ടോപ്പോ സ്മാര്‍ട്ട് ഫോണോ ഇല്ലാത്ത കുട്ടികളെ കണ്ടെത്തി അവര്‍ക്ക് സ്‌കൂള്‍ ലാബുകളില്‍ പ്രത്യേക സൗകര്യം ഒരുക്കാനും ഇവര്‍ മുന്‍കൈയെടുക്കും.

date