യോഗാ ദിനം ആചരിച്ചു
* യോഗയ്ക്ക് ജാതി - മത വർണ വിവേചനങ്ങൾ ഇല്ല : മന്ത്രി കെ മുരളീധരൻ
യോഗയ്ക്ക് ജാതിയോ മതമോ വർണ വിവേചനമോ ഇല്ലെന്നും ആരോഗ്യ സംരക്ഷണത്തിനായി ആർക്കും പരിശീലിക്കാവുന്ന വ്യായാമ മുറയാണ് യോഗയെന്നും ആരോഗ്യ മന്ത്രി കെ മുരളീധരൻ അഭിപ്രായപ്പെട്ടു. ആയുഷ് വകുപ്പ് നാഷണൽ ആയുഷ് മിഷനുമായി സഹകരിച്ച് സംഘടിപ്പിച്ച രാജ്യാന്തര യോഗാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തീരെ വ്യായാമമില്ലാതെ ഫോണിലും സോഷ്യൽ മീഡിയയിലും തളച്ചിടപ്പെട്ട ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ പിറകിലേക്ക് വലിക്കുന്നുണ്ടെന്നും ആരോഗ്യ സംരക്ഷണത്തിനുള്ള വിമുഖതയും അന്തരീക്ഷ മലിനീകരണവും ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നതുമെല്ലാമാണ് പകർച്ച വ്യാധികൾ പടരാനിടയാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വ്യായാമത്തിലൂടെ അസുഖങ്ങളെ പ്രതിരോധിക്കണം. അവനവനിഷ്ടമുള്ള വ്യായാമമുറ സ്വീകരിക്കാം. വ്യായാമത്തിന്റെ ഗുണം സ്വന്തം ജീവിതം കൊണ്ട് സമൂഹത്തെ ബോധ്യപ്പെടുത്താൻ പൊതുപ്രവർത്തകർക്ക് കഴിയണമെന്നും സ്ഥിരമായി ജോഗിങ് ചെയ്ത് ആരോഗ്യം നിലനിർത്തുന്നയാളാണ് താനെന്നും കെ മുരളീധരൻ പറഞ്ഞു.
കുട്ടികൾ ഇന്ന് കളിയ്ക്കാൻ പോവാതെ യൂട്യൂബിലും കാർട്ടൂൺ ചാനലുകളിലും സമയം ചെലവഴിക്കുന്ന സ്ഥിതിയുണ്ട്. അവരെ വ്യായാമം ശീലിപ്പിക്കുന്ന നിലയിലേക്കുള്ള സംവിധാങ്ങൾ കൊണ്ടുവരണം. ഏതു വ്യായാമത്തിന്റെയും അന്തിമ ലഷ്യം ആരോഗ്യമുള്ള യുവതലമുറയെ വാർത്തെടുക്കലാണ്. യോഗ ചെയ്യുന്നവർ വർഷത്തിൽ ഒന്നോ രണ്ടോ ദിവസം ചെയ്താൽ പോരെന്നും ദിവസേന അരമണിക്കൂറെങ്കിലും അതിനായി സമയം കണ്ടെത്തണമെന്നും മന്ത്രി ഓർമിപ്പിച്ചു.
അലോപ്പതിയും ആയുഷ് വകുപ്പും ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനമാണ് ആരോഗ്യ സംരക്ഷണ രംഗത്ത് ആവശ്യമെന്നും മന്ത്രി പറഞ്ഞു.
ഓഫീസ് ജോലികൾക്കായി കൂടുതൽ സമയം ചെലവിടുന്നവർക്കുള്ള ചെയർ യോഗയെക്കുറിച്ചുള്ള വീഡിയോ മന്ത്രി പ്രകാശനം ചെയ്തു. തുടർന്ന് നടന്ന സമൂഹ യോഗാചരണത്തിലും മന്ത്രി പങ്കെടുത്തു.
ആരോഗ്യകരമായ വാർധക്യം യോഗയിലൂടെ എന്ന സന്ദേശമുയർത്തിയാണ് ഈ വർഷം യോഗാ ദിനം ആചരിച്ചത്. നാഷണൽ ആയുഷ് മിഷൻ കേരളം സംസ്ഥാന മിഷൻ ഡയറക്ടർ അനു എസ് നായർ അധ്യക്ഷനായി. ജില്ലാ കലക്ടർ അനുകുമാരി, ഐ എസ് എം ഡയറക്ടർ ഡോ പ്രിയ കെ എസ്, ഹോമിയോ മെഡിക്കൽ എഡ്യുക്കേഷൻ പ്രിൻസിപ്പൽ ആൻഡ് കൺട്രോളിങ് ഓഫീസർ ഡോ ടി കെ വിജയൻ, ആയുർവേദ മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ ഇന്ദുകല പി ആർ, നാഷണൽ ആയുഷ് മിഷൻ കേരളം നോഡൽ ഓഫീസർ അജിത എ, ഐഎസ്എം ഡിപ്പാർട്ട്മെന്റ് തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ മിനി എസ് പൈ, ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പ്രിൻസി സെബാസ്റ്റ്യൻ, ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ ഗായത്രി ആർ എസ്, ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (ഐഎസ്എം) ഡോ മുഹ്സീന എച്ച്, ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (ഹോമിയോപ്പതി) ഡോ ആർ ജയനാരായണൻ എന്നിവർ സംസാരിച്ചു.
പി.എൻ.എക്സ്. 2127/2026
- Log in to post comments