Skip to main content

കുളമ്പുരോഗത്തിനെതിരേ സൗജന്യ പ്രതിരോധ കുത്തിവെപ്പ് യജ്ഞം ആരംഭിച്ചു

കന്നുകാലികളെ അതി മാരകമായി ബാധിക്കുന്നതും ചികിത്സ ഇല്ലാത്തതുമായ കുളമ്പ് വൈറസ് രോഗത്തിനെതിരെ ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിലും ജൂണ്‍ 20 മുതല്‍ ജൂലൈ 13 വരെ കുത്തിവെപ്പ് നടക്കും.
കുളമ്പുരോഗത്തിനെതിരെ ആറുമാസത്തില്‍ ഒരിക്കലാണ് കുത്തിവെപ്പ് നടത്തുന്നത്. നാലുമാസത്തിനു മുകളില്‍ പ്രായമുള്ള കന്നുകാലികള്‍ക്കാണ് കുത്തിവെപ്പ് നല്‍കുക.

ആറുമാസത്തിനു മുകളില്‍ ഗര്‍ഭം ഉള്ളവയെയും രോഗമുള്ള ഒരുക്കളെയും, കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ കുത്തിവെപ്പ് നല്‍കിയവയെയും ഒഴിവാക്കും. പലയിടത്തും രോഗലക്ഷണങ്ങള്‍ കാണപ്പെട്ട സാഹചര്യത്തില്‍ നമ്മുടെ കന്നുകാലി സമ്പത്തിനെ സംരക്ഷിക്കുന്നതിനായി മുഴുവന്‍ കര്‍ഷകരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മൃഗസംരക്ഷണ കാര്യാലയം അറിയിച്ചു.

കുത്തിവെപ്പ് നിയമം മൂലം നിര്‍ബന്ധമാണ്. ജില്ലയില്‍ വിവിധ സ്‌ക്വാഡുകളായി മൃഗസംരക്ഷണ വകുപ്പ് ജീവനക്കാര്‍ കര്‍ഷക ഭവനങ്ങളും ഫാമുകളും സന്ദര്‍ശിച്ച് ലക്ഷ്യം പൂര്‍ത്തീകരിക്കും. വാക്സിനേഷന്റെ ജില്ലാ തല ഉദ്ഘാടനം റോയി കെ പൗലോസ് എംഎല്‍എ
നിര്‍വഹിച്ചു. ക്ഷീരമേഖലയെ സഹായിക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

പഴയരിക്കണ്ടം ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ നടന്ന ചടങ്ങില്‍ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈനി സജി മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. മിനി ജോസഫ് പ്ലാങ്കാല സ്വാഗതം ആശംസിച്ചു. ജില്ലാ കോ-ഓഡിനേറ്റര്‍ ഡോ. ജോര്‍ജ് വറുഗീസ് പദ്ധതി വിശദീകരണം നടത്തി. വിവിധ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ജനപ്രതിനിധികള്‍, ക്ഷീരകര്‍ഷകര്‍, ക്ഷീരസംഘം പ്രതിനിധികള്‍, മുതലായവര്‍ പങ്കെടുത്തു.
 

date