Skip to main content

ജീവന്‍ദീപം ഒരുമ; ഇന്‍ഷുറന്‍സ് എന്റോള്‍മെന്റില്‍ സംസ്ഥാനത്ത് ഒന്നാമതായി തൃശ്ശൂര്‍ ജില്ല

കുടുംബശ്രീയുടെ ജീവന്‍ദീപം ഒരുമ ഇന്‍ഷുറന്‍സ് പദ്ധതിയുടെ 2025 - 26, 2026-27 വര്‍ഷത്തെ എന്റോള്‍മെന്റ് പ്രവര്‍ത്തനങ്ങളില്‍ മികച്ച നേട്ടം കൈവരിച്ച് തൃശ്ശൂര്‍ ജില്ല സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടി. കുടുംബശ്രീ സംസ്ഥാന മിഷന്‍, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി), സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയില്‍ ജില്ലയിലെ മികവുറ്റ പ്രവര്‍ത്തനത്തിനാണ് ഈ അംഗീകാരം ലഭിച്ചത്.

സംസ്ഥാനതല പുരസ്‌കാരം എല്‍.ഐ.സി ഡിവിഷണല്‍ മാനേജര്‍ രാകേഷ് സമ്മാനിച്ചു. ചടങ്ങില്‍ കുടുംബശ്രീ സംസ്ഥാന മിഷന്‍ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ പ്രോഗ്രാം ഓഫീസര്‍ സി. നവീന്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ രഞ്ജിനി, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍മാരായ ലിപിന്‍, നീതു, അഭിരാമി, നിതിന്‍ എന്നിവര്‍ പങ്കെടുത്തു. തൃശ്ശൂര്‍ ജില്ലാ മിഷനെ പ്രതിനിധീകരിച്ച് അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ അനീസ് മിത്ര, ജില്ലാ പ്രോഗ്രാം മാനേജര്‍ റെജി തോമസ്, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ ചേര്‍ന്നാണ് ട്രോഫി ഏറ്റുവാങ്ങിയത്.

കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് കുറഞ്ഞ പ്രീമിയത്തില്‍ ജീവന്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് 'ജീവന്‍ദീപം ഒരുമ'. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന എന്റോള്‍മെന്റ് നിരക്കുകളിലൊന്നായ 82 ശതമാനം അംഗങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തൃശ്ശൂര്‍ ജില്ലയ്ക്ക് സാധിച്ചു.

18 മുതല്‍ 74 വയസ്സ് വരെയുള്ള കുടുംബശ്രീ അംഗങ്ങള്‍ക്ക് പദ്ധതിയില്‍ അംഗമാകാം. വാര്‍ഷികമായി 200 രൂപ പ്രീമിയം അടച്ച് അംഗങ്ങള്‍ക്ക് പ്രായാനുസൃതമായി 25,000 രൂപ മുതല്‍ 2,00,000 രൂപ വരെ മരണാനുകൂല്യവും അപകടമരണത്തിന് അധിക ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. കൂടാതെ, മെഡിക്കല്‍ പരിശോധനയുടെ ആവശ്യമില്ലാതെ 50 വയസിന് മുകളിലുള്ളവര്‍ക്കും ഇന്‍ഷുറന്‍സ് സംരക്ഷണം ലഭ്യമാക്കുന്നതാണ് പദ്ധതിയുടെ പ്രത്യേകത.

ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എഡിഎസ്/സിഡിഎസ് ഭാരവാഹികള്‍, എന്‍എച്ച്ജി അംഗങ്ങള്‍, ബീമാ മിത്രമാര്‍, ബ്ലോക്ക് മിഷന്‍ ടീമുകള്‍, എല്‍ഐസി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാ മിഷന്‍ അഭിനന്ദനം അറിയിച്ചു.
 

കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ജീവന്‍ദീപം ഒരുമ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിനുള്ള ബോധവത്കരണവും എന്റോള്‍മെന്റ് പ്രവര്‍ത്തനങ്ങളും വരും വര്‍ഷങ്ങളിലും ശക്തിപ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ''ഒന്നായ് മുന്നേറാം... സുരക്ഷിത ഭാവിയിലേക്ക്'' എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഈ സംസ്ഥാനതല നേട്ടമെന്ന് ജില്ലാ മിഷന്‍ വിലയിരുത്തി.

date