Skip to main content

അറിവാണ് കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്ത്: മന്ത്രി റോജി എം. ജോൺ

* സംസ്ഥാനതല ബിരുദ പ്രവേശനോത്സവം 'ഫസ്റ്റ് ചാപ്റ്റർസംഘടിപ്പിച്ചു

അറിവാണ് കേരളത്തിന്റെ ഏറ്റവും വലിയ നിക്ഷേപവും സമ്പത്തുമെന്ന്  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ പറഞ്ഞു. 2026-27 അധ്യയന വർഷത്തെ സംസ്ഥാനതല ബിരുദ പ്രവേശനോത്സവമായ 'ഫസ്റ്റ് ചാപ്റ്റർതിരുവനന്തപുരം വഴുതക്കാട് സർക്കാർ വനിതാ കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം ഓരോ വിദ്യാർഥിയുടെയും ജീവിതത്തിലെ പുതിയ അധ്യായമാണെന്ന് മന്ത്രി പറഞ്ഞു. അതുകൊണ്ടാണ് പരിപാടിക്ക് 'ഫസ്റ്റ് ചാപ്റ്റർഎന്ന പേര് നൽകിയത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർമ്മകൾ സമ്മാനിക്കുന്ന കാലഘട്ടമാണ് കോളേജ് ജീവിതമെന്നും വിദ്യാർഥികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതികവിദ്യ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് പരമ്പരാഗത പഠനരീതികൾക്കപ്പുറം വിമർശനാത്മകമായും സർഗാത്മകമായും ചിന്തിക്കാൻ വിദ്യാർഥികൾ തയ്യാറാകണം. ക്ലാസ് മുറിക്ക് പുറത്തുള്ള അറിവിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി സ്വയം പഠനശേഷി വളർത്തേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യകതയാണ്.

നാല് വർഷ ബിരുദ കോഴ്‌സിന്റെ ഭാഗമായി വിദ്യാർഥികൾക്ക് വിവിധ വിഷയങ്ങൾ തിരഞ്ഞെടുക്കാനും അന്തർവിഷയ പഠനത്തിന് അവസരം ഒരുക്കാനും സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ലോകത്തെ തൊഴിൽമേഖലയിലെ മാറ്റങ്ങൾ കണക്കിലെടുത്ത് പുതിയ കോഴ്‌സുകളും തൊഴിൽകേന്ദ്രീകൃത വിദ്യാഭ്യാസ പദ്ധതികളും നടപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം

കേരളത്തിൽ നിന്ന് വിദ്യാർഥികൾ മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും പഠനത്തിനായി പോകുന്ന പ്രവണത ഗൗരവമായി വിലയിരുത്തുകയാണെന്നും വിദ്യാർഥികൾ ആഗ്രഹിക്കുന്ന അക്കാദമിക് അന്തരീക്ഷവും ആധുനിക കോഴ്‌സുകളും കേരളത്തിലെ ക്യാമ്പസുകളിൽ തന്നെ ഒരുക്കുന്നതിനുള്ള പരിഷ്‌കാരങ്ങളുമായി സർക്കാർ മുന്നോട്ടുപോകും. വിദ്യാർഥികൾ മികച്ച അക്കാദമിക നേട്ടങ്ങൾ കൈവരിക്കുന്നതിനൊപ്പം സമൂഹത്തോടുള്ള പ്രതിബദ്ധതയും മൂല്യബോധവും വളർത്തിയെടുക്കണം

കോളേജ് വിദ്യാഭ്യാസം ഡിഗ്രി നേടുന്നതിൽ മാത്രം ഒതുങ്ങരുത്. ഓരോ വിദ്യാർഥിയും സ്വന്തം കഴിവുകളും താൽപര്യങ്ങളും കണ്ടെത്തി വ്യക്തിത്വം വികസിപ്പിക്കുന്നതിനുള്ള വേദിയായി കോളേജ് ജീവിതത്തെ മാറ്റണം. ഇതിനായി അധ്യാപകർ പൂർണ പിൻതുണ നൽകണം. ലഹരിയെ ചെറുത്ത് ജീവിതത്തെ ലഹരിയാക്കാൻ വിദ്യാർഥികൾക്ക് കഴിയണം. കോളേജ് ജീവിതത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ വിദ്യാർഥികൾക്കും വിജയാശംസകൾ നേരുന്നതായും മന്ത്രി പറഞ്ഞു.

ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് വിദ്യാഭ്യാസ  ഡയറക്ടർ അഫ്സാന പർവീൻ സ്വാഗതമാശംസിച്ചു. ഉന്നത വിദ്യാഭ്യാസ  പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക്  മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗൺസിലർ അഡ്വ. രാഖി രവികുമാർ സംബന്ധിച്ചു. സർക്കാർ വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ. ചിത്ര ടി. നായർ ചടങ്ങിൽ നന്ദി അറിയിച്ചു. വിദ്യാർഥികൾഅധ്യാപകർരക്ഷിതാക്കൾഉന്നത വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ബിരുദ പഠനത്തിന്റെ പുതിയ അധ്യായത്തിലേക്ക് കടന്നുവരുന്ന വിദ്യാർഥികളെ ആത്മവിശ്വാസത്തോടെയും പ്രതീക്ഷയോടെയും സ്വാഗതം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പ്രവേശനോത്സവം സംഘടിപ്പിച്ചത്.

പി.എൻ.എക്‌സ്. 2282/2026

date