Skip to main content

ഓണാഘോഷം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

ഓണാഘോഷവുമായി ബന്ധപ്പെട്ട് വകുപ്പുതല ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി വി ഡി സതീശന്റെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റിൽ യോഗം ചേർന്നു. ഓണം വാരാഘോഷം വിപുലമായി സംഘടിപ്പിക്കാൻ  യോഗത്തിൽ തീരുമാനമായി.

ഓണക്കാലത്തെ കൃത്രിമ വിലക്കയറ്റം തടയാൻ ദിവസേന വിപണി നിരീക്ഷണം ഏർപ്പെടുത്തും. അരി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിലയിൽ അസ്വാഭാവിക വർധന കണ്ടെത്തിയാൽ ഇടപെടുന്നതിന്  റവന്യൂ, പോലീസ് വകുപ്പുകളുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ച് സംസ്ഥാനവ്യാപകമായി പരിശോധന ശക്തമാക്കും. സർക്കാരിന്റെ ഓണാഘോഷ പരിപാടികളുടെ ചെലവുകൾ പരമാവധി സ്പോൺസർഷിപ്പിലൂടെ കണ്ടെത്താൻ മുഖ്യമന്ത്രി ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടു.

ഓണക്കാലത്ത് ജനങ്ങൾക്ക് ആശ്വാസമാകുന്ന തരത്തിൽ സംസ്ഥാനതല, ജില്ലാതല, ട്രേഡ് ഫെയറുകളും വിലക്കുറവിൽ അവശ്യസാധനങ്ങളുടെ വിപണനവും നടത്തും. ഓണാഘോഷം  ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് സംഘടിപ്പിക്കാനും സമാപന ഘോഷയാത്രയിൽ വിവിധ വകുപ്പുകൾ അവതരിപ്പിക്കുന്ന ഫ്ളോട്ടുകൾ 'പുതുയുഗ കേരളം' എന്ന വികസന കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്നതാവണമെന്നും യോഗത്തിൽ തീരുമാനമായി.

മന്ത്രിമാരായ പി സി വിഷ്ണുനാഥ്, അനൂപ് ജേക്കബ്, വിവിധ വകുപ്പ് സെക്രട്ടറിമാർ, സംസ്ഥാന പോലീസ് മേധാവി, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

പി.എൻ.എക്‌സ്. 2321/2026

date