Skip to main content

നിലമ്പൂരിലെ പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് അവശ്യ രേഖകള്‍ ലഭ്യമാക്കല്‍: മെഗാ രേഖാ അദാലത്ത് 11ന് നിലമ്പൂരില്‍

ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന നിലമ്പൂര്‍ നിയോജകമണ്ഡലം സമഗ്ര വികസന പദ്ധതിയായ വികാസ് വിഷന്‍ 2040 ന്റെ ഭാഗമായി നിലമ്പൂരിലെ പട്ടിക വര്‍ഗ വിഭാഗങ്ങളിലുള്ളവര്‍ക്ക് അടിസ്ഥാന രേഖകള്‍ നല്‍കുന്നതിനായുള്ള മെഗാ രേഖാ അദാലത്ത് ജൂലൈ 11ന് നിലമ്പൂര്‍ മാനവേദന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും. ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മെഗാ അദാലത്ത് നടത്താന്‍ തീരുമാനിച്ചത്. റവന്യൂ മന്ത്രി എ.പിഅനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്ന രേഖാ അദാലത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ മന്ത്രി കെ.എ തുളസി മുഖ്യാതിഥിയാകും.

അടിസ്ഥാന രേഖകളില്ലാത്തതിന്റെ പേരില്‍ സര്‍ക്കാര്‍ ക്ഷേമ പദ്ധതികളില്‍  ഉള്‍പ്പെടാതെ പോകുന്ന നിലമ്പൂര്‍ ഉള്‍ വനത്തിലടക്കമുള്ള പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ദുരിതം പരിഹരിക്കുന്നതിനാണ് മെഗാ അദാലത്ത് സംഘടിപ്പിക്കുന്നത്. നിലമ്പൂര്‍ നഗരസഭ, വഴിക്കടവ്, പോത്തുകല്‍, എടക്കര, ചുങ്കത്തറ, മൂത്തേടം, കരുളായി, അമരമ്പലം പഞ്ചായത്തുകളിലുള്ള പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കായാണ് ക്യാമ്പ്.

ജനനസര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയില്‍കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാനസര്‍ട്ടിഫിക്കറ്റ്, എപ്ലോയ്മെന്റ് രജിസ്ട്രേഷന്‍, ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ്, തൊഴില്‍കാര്‍ഡ് അടക്കമുള്ള രേഖകളാണ് നല്‍കുക. രേഖകള്‍ക്കായി എത്തുന്നവര്‍ക്ക് മെഡിക്കല്‍ ക്യാമ്പുമുണ്ടായിരിക്കും.  ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ സബ് കളക്ടര്‍ സാക്ഷി മോഹന്‍, എ.ഡി.എം പി. ഒ സാദിഖ് , നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ പി.ധനീഷ്‌കുമാര്‍, സൗത്ത് ഡി.എഫ്.ഒ ജി. ധനിക് ലാല്‍, ഐ.ടി.ഡി.പി ജില്ലാ പ്രൊജക്ട് ഓഫീസര്‍ എം.ബിപിന്‍ദാസ്, ഡി.എം.ഒ ഡോ.വി വിനോദ്, ഡി.എം.ഒ ഹോമിയോ ഡോ. പി.സുമേഷ്, നിലമ്പൂര്‍ തഹസില്‍ദാര്‍ എം.പി. സിന്ധു, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജസീറ, നിലമ്പൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എ ജോസ് (പോത്തുകല്‍), കെ.പി ഷീജ (കരുളായി), ടി.കെ ഹഫ്സത്ത് (മൂത്തേടം), പി.റംലത്ത് (വഴിക്കടവ്) പഞ്ചായത്ത് സെക്രട്ടറിമാര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date