Skip to main content

ലഹരിക്കെതിരെ ജനകീയ പ്രതിരോധം ശക്തമാക്കണം: ജില്ലാ കളക്ടര്‍

ലഹരി ഉപയോഗം തടയുന്നതില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീ പ്രവര്‍ത്തകരും നിര്‍ണായക പങ്ക് വഹിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയല്‍ പറഞ്ഞു. സാമൂഹ്യനീതി വകുപ്പ് നശാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും കുടുംബശ്രീ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സി.ഡി.എസ് അംഗങ്ങള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷര്‍ക്കുമായി 'ലഹരി ഉപയോഗം  പ്രതിരോധവും സമൂഹത്തിന്റെ ഉത്തരവാദിത്വവും' എന്ന വിഷയത്തില്‍ നടത്തിയ ബോധവത്ക്കരണ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ള കൂട്ടായ ഇടപെടലിലൂടെയാണ് ലഹരിവിമുക്ത സമൂഹം സാക്ഷാത്കരിക്കാനാകുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മലപ്പുറം സിവില്‍ സ്റ്റേഷനിലെ മിനി പ്ലാനിംഗ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ആലിപ്പറ്റ ജമീല ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് നടന്ന  സെഷനില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. റഹീമുദ്ദീന്‍ ബിഹേവിയറല്‍ തെറാപ്പി, ലഹരി പ്രതിരോധത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും പങ്ക്, സമൂഹത്തെ ലഹരിയില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള പ്രായോഗിക ഇടപെടലുകള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസ് നയിച്ചു. എക്‌സൈസ് വകുപ്പിന്റെയും  വിമുക്തിയുടെയും പ്രവര്‍ത്തനങ്ങള്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിജു വിശദീകരിച്ചു.

നാര്‍ക്കോട്ടിക്‌സ് ഡി.വൈ.എസ്.പി എന്‍.ഒ.സിബി, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബി.സുരേഷ്‌കൂമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ.ഷിബുലാല്‍, മനോജ് മേനോന്‍, കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ അലീന, തുടങ്ങിയവര്‍ പങ്കെടുത്തു.

date