ചാന്ദ്രദിന വിദ്യാർത്ഥി പരിശീലന ക്യാമ്പ് 11ന് കണ്ണൂർ സയൻസ് പാർക്കിൽ
ജൂലൈ 21 ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഏകദിന പരിശീലനക്ലാസ് സംഘടിപ്പിക്കുന്നു. പരിശീലനം ലഭിച്ച വിദ്യാർത്ഥികൾ ചാന്ദ്രദിനത്തിൽ അവരുടെ വിദ്യാലയങ്ങളിൽ കുട്ടി അധ്യാപകരായി ജൂലൈ 21 ന് ചാന്ദ്രവിജയം ക്ലാസ്സെടുക്കും. ജില്ലാ പഞ്ചായത്ത് സയൻസ് പാർക്കിന്റെയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ ശാസ്ത്രബോധ സമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് കുട്ടി അധ്യാപക പരിശീലനം നടക്കുന്നത്. ജൂലൈ 11 ന് രാവിലെ 9.30 മുതൽ ഉച്ച 12 വരെ കണ്ണൂർ സയൻസ് പാർക്കിലാണ് പരിശീലനം. പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും.
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ബഹിരാകാശ ഗവേഷണങ്ങൾ, ഏറ്റവും പുതിയ ആനുകാലിക ബഹിരാകാശ വാർത്തകൾ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ പ്രത്യേക പ്രസന്റേഷൻ വഴിയാണ് ക്ലാസുകൾ നയിക്കുന്നത്. ശാസ്ത്രബോധമുള്ള പുതിയ തലമുറയെ വാർത്തെടുക്കാനും ബഹിരാകാശ രംഗത്തെ പുതിയ അറിവുകൾ കുട്ടികളിലേക്ക് നേരിട്ടെത്തിക്കാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ സ്കൂളുകളിൽ നിന്നും താല്പര്യമുള്ള ഒരു വിദ്യാർത്ഥിയെ വീതം ഈ പരിശീലന ക്ലാസിലേക്ക് അയക്കാം. കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ അധികൃതരുമായോ ശാസ്ത്രസാഹിത്യ പരിഷത്ത് ഭാരവാഹികളുമായോ ബന്ധപ്പെടണം. ഫോൺ: 9446938821, 9961354678.
- Log in to post comments