ടാൽറോപ്: ബാധ്യത റിപ്പോർട്ട് തേടി ; 25 നകം വീണ്ടും ചർച്ച
മുന്നറിയിപ്പില്ലാതെ തൊഴിലാളികളെ പിരിച്ചുവിട്ട ഐ.ടി. കമ്പനിയായ ടാൽറോപിന്റെ നടപടിയിൽ സംസ്ഥാന ലേബർ കമ്മിഷണറേറ്റ് റിപ്പോർട്ട് തേടി. തൊഴിൽ വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ തൊഴിൽ ഭവനിൽ ജൂലൈ 16 ന് അഡീഷണൽ ലേബർ കമ്മിഷണർ കെ. എം. സുനിലിന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ് എറണാകുളം ജോയിന്റ് ലേബർ കമ്മിഷണറോട് റിപ്പോർട്ട് തേടാൻ തീരുമാനിച്ചത്. അടുത്ത തിങ്കളാഴ്ച്ച റിപ്പോർട്ട് ലഭ്യമാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടേണ്ടി വന്ന സാഹചര്യം, അവർക്ക് കമ്പനി നൽകാനുള്ള ശമ്പള കുടിശിക അടക്കമുള്ള സാമ്പത്തിക ബാധ്യത, സ്ഥാപനത്തിന്റെ തൊഴിലാളി വിരുദ്ധ നിലപാട് കാരണം ജീവനക്കാരിൽ ചിലർ രാജി വയ്‌ക്കേണ്ടിവന്ന സാഹചര്യം, നിയമന രീതി തുടങ്ങിയവ ഉൾപ്പെടുന്ന സമ്പൂർണ റിപ്പോർട്ടാണ് ആവശ്യപ്പെട്ടിട്ടുള്ളത്. സ്ഥാപനത്തിൽ ആകെ 608 ജീവനക്കാർ ഉള്ളതായാണ് നിലവിലെ രേഖകൾ പറയുന്നത്. ഇതിന്റെ കൃത്യമായ കണക്ക് ശേഖരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഈ മാസം 25 നകം തൊഴിലാളി പ്രതിനിധികളുമായി നടത്തുന്ന ചർച്ചയിൽ ഈ റിപ്പോർട്ടും പരിഗണിക്കും. ശേഷം ടാൽ റോപ് കമ്പനിക്ക് നോട്ടീസ് അയക്കുകയും പിരിച്ചുവിട്ടവർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ തുടർ നടപടികളിലേക്ക് കടക്കുകയും ചെയ്യുമെന്ന് അഡീഷണൽ ലേബർ കമ്മിഷണർ അറിയിച്ചു.
യാതൊരു മുന്നറിയിപ്പുമില്ലാതെ 300 ഓളം ജീവനക്കാരെയാണ് ഐടി കമ്പനിയായ ടാൽറോപ് പിരിച്ചുവിട്ടത്. അതുവരെയുള്ള ശമ്പള കുടിശിക പോലും നൽകാതെയായിരുന്നു പിരിച്ചുവിടൽ. നഷ്ടപരിഹാരത്തിനായി ലേബർ ഓഫീസറെ സമീപിക്കാതിരിക്കാനായി പഴുതുകളടച്ചായിരുന്നു പിരിച്ചുവിടൽ. ഇതോടെ തൊഴിലാളികൾ പ്രതിസന്ധിയിലായപ്പോഴാണ് തൊഴിൽ വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ ഇടപെട്ടതും നടപടിക്ക് ലേബർ കമ്മിഷണറേറ്റിന് നിർദ്ദേശം നൽകിയതും.
തൊഴിൽ ഭവനിൽ ഉച്ചയ്ക്ക് നടന്ന ചർച്ചയിൽ എറണാകുളം റീജിയണൽ ലേബർ കമ്മിഷണർ കെ. സുരേഷ് കുമാർ, ഡെപ്യൂട്ടി ലേബർ കമ്മിഷണർ (ആസ്ഥാനം) സതീഷ് കുമാർ, എറണാകുളം ജില്ലാ ലേബർ ഓഫീസർ മിനോയ് ജയിംസ്, തൊഴിലാളി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പി.എൻ.എക്‌സ്. 2601/2026
- Log in to post comments