സിന്തറ്റിക് ലഹരിയല്ല ലഹരി, കൃഷിയാണ് ലഹരി: മന്ത്രി ടി. സിദ്ദിഖ്
*'കനിപ്പന്തൽ - ഇനി വിദ്യാലയങ്ങളിലും' പദ്ധതിക്ക് സംസ്ഥാനതല തുടക്കം
വിദ്യാർത്ഥികളിൽ പോഷകസുരക്ഷ ഉറപ്പാക്കുന്നതിനും ഫലവൃക്ഷകൃഷിയിലൂടെ പ്രകൃതിയോടും കൃഷിയോടും അടുപ്പം വളർത്തുന്നതിനും ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിനുമായി കൃഷിവകുപ്പ് നടപ്പാക്കുന്ന 'കനിപ്പന്തൽ-ഇനി വിദ്യാലയങ്ങളിലും' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൽപ്പറ്റ എസ്.കെ.എം.ജെ. ഹയർ സെക്കൻഡറി സ്‌കൂളിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് നിർവഹിച്ചു.
'സിന്തറ്റിക് ലഹരിയല്ല ലഹരി, കൃഷിയാണ് ലഹരി' എന്ന സന്ദേശം ഉയർത്തിക്കാട്ടിയ മന്ത്രി, സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും 'കതിർ' കാർഷിക ക്ലബ്ബുകൾ രൂപീകരിച്ച് വിദ്യാർത്ഥികൾക്ക് കാർഷിക പരിശീലനം നൽകുമെന്ന് അറിയിച്ചു. കതിർ പദ്ധതിയുടെ ഭാഗമായി ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിനും 10,000 രൂപ വീതം അനുവദിക്കുമെന്നും, അന്താരാഷ്ട്ര വനിതാ കർഷക വർഷത്തോടനുബന്ധിച്ച് 'കൃഷി സഖി' പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ കാർഷിക മാപ്പിംഗ് തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.
കൃഷിവകുപ്പിന്റെ ആർ കെ വി വൈ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 2921 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഴവർഗ്ഗ പോഷകത്തോട്ടങ്ങൾ സ്ഥാപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മാവ്, പ്ലാവ്, പേര, നെല്ലി, സപ്പോട്ട, റമ്പൂട്ടാൻ, മാങ്കോസ്റ്റിൻ, ചാമ്പ, നാരകം തുടങ്ങി വിവിധ ഫലവൃക്ഷങ്ങളുടെ തൈകൾ ഇതിനായി വിദ്യാലയങ്ങളിൽ നട്ടുപിടിപ്പിക്കും.
ഐ സി ബാലകൃഷ്ണൻ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉഷ വിജയൻ എം എൽ എ വിദ്യാർത്ഥികൾക്ക് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, കൽപ്പറ്റ നഗരസഭ ചെയർമാൻ പി. വിശ്വനാഥൻ എന്നിവർ ആശംസകൾ നേർന്നു. ജനപ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പദ്ധതിയോടനുബന്ധിച്ച് കാർഷിക സെമിനാറും സംഘടിപ്പിച്ചു. ജില്ലാ കൃഷി ഓഫീസർ ബി.ജെ. സീമ സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടർ പ്രകാശ് പി. നന്ദിയും രേഖപ്പെടുത്തി.
പി.എൻ.എക്‌സ്. 2626/2026
- Log in to post comments