Skip to main content
കോഴിക്കോട് ഗവ. കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ കായിക ഗവേഷണ കേന്ദ്രം ഉദ്ഘാടനവും 'മെറിറ്റ് ഡേ' അവാര്‍ഡ് ദാനവും മന്ത്രി റോജി എം ജോണ്‍ നിര്‍വഹിക്കുന്നു

വിദ്യാര്‍ഥികളില്‍ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കണം -മന്ത്രി റോജി എം ജോണ്‍

കായിക വിദ്യാഭ്യാസ ഗവേഷണ കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്തു

വിദ്യാര്‍ഥികള്‍ക്കിടയില്‍ മികച്ച കായിക സംസ്‌കാരം വളര്‍ത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍. കോഴിക്കോട് ഗവ. കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷനില്‍ കായിക ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനവും 'മെറിറ്റ് ഡേ' അവാര്‍ഡ് ദാനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കലാലയങ്ങളില്‍ അക്കാദമിക വിഷയങ്ങള്‍ക്കുള്ള അതേ പ്രാധാന്യം കായിക രംഗത്തിനും നല്‍കണം. ക്ലാസ്മുറികളുടെ തുടര്‍ച്ചയാകണം കായികരംഗം. ഒരു വ്യക്തിയുടെ സമഗ്ര വളര്‍ച്ചയില്‍ കായികരംഗത്തിന് വലിയ പ്രാധാന്യമാണുള്ളത്. കളിക്കളത്തില്‍നിന്ന് പഠിക്കുന്ന പാഠങ്ങള്‍ വിദ്യാര്‍ഥികളെ ജീവിതത്തിലെ കഠിനമായ സാഹചര്യങ്ങളെ നേരിടാന്‍ സഹായിക്കുന്നതിനൊപ്പം ശാരീരികവും മാനസികവുമായ കരുത്ത് നല്‍കുമെന്നും മന്ത്രി പറഞ്ഞു. മഹത്തായ പാരമ്പര്യവും ചരിത്രവുമുള്ള ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജില്‍ 400 മീറ്റര്‍ ട്രാക്ക് നിര്‍മിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.  

2025-26 അധ്യയന വര്‍ഷം അക്കാദമിക, കായിക മേഖലകളില്‍ ദേശീയ, അന്തര്‍ദേശീയ നേട്ടം കൈവരിച്ച വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്തു. ചടങ്ങില്‍ അഡ്വ. കെ ജയന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ശ്രീജ സുരേഷ്, കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം മധു രാമനാട്ടുകര, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ പ്രസന്നകുമാരന്‍, പ്രോഗ്രാം കോഓഡിനേറ്റര്‍ ഡോ. സുനില്‍ അല്‍ഫോണ്‍സ്, പി.ടി.എ എക്സിക്യൂട്ടീവ് അംഗം സിന്ധു ശ്രീധര്‍, വിദ്യാര്‍ഥി പ്രതിനിധി വിപില്‍ വി ഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലാണ് ഗവേഷണ കേന്ദ്രം പ്രവര്‍ത്തിക്കുക. ആദ്യഘട്ടത്തില്‍ 3.90 കോടി രൂപ ചെലവിട്ടു നിര്‍മിച്ച കേന്ദ്രത്തില്‍ കായികരംഗത്തെ വിവിധ വിഷയങ്ങളിലായി ഇതുവരെ 17 വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

date