Skip to main content

ആലുവയ്ക്ക് പുതിയ സ്മാർട്ട് വില്ലേജ് അനുവദിക്കും: റവന്യൂ മന്ത്രി എ.പി അനിൽ കുമാർ

 

ആലുവ മിനി സിവിൽ സ്റ്റേഷനിലെ പുതിയ ലിഫ്റ്റ് ഉദ്ഘാടനം ചെയ്തു

ആലുവയ്ക്ക് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ്  അനുവദിക്കുമെന്ന് റവന്യൂ മന്ത്രി എ പി അനിൽ കുമാർ പറഞ്ഞു. ആലുവ നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി സർക്കാർ ഒപ്പമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആലുവ മിനി സിവിൽ സ്റ്റേഷനിലെ പുതിയ ലിഫ്റ്റിന്റെ ഉദ് ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 

അൻവർ സാദത്ത് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 26.5 ലക്ഷം രൂപ ചെലവഴിച്ചാണ് ജനങ്ങളുടെ ദീർഘനാളത്തെ ആവശ്യമായിരുന്ന അത്യാധുനിക സൗകര്യങ്ങളോടു കൂടിയ
ലിഫ്റ്റിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്. സിവിൽ സ്റ്റേഷനിൽ മുൻപുണ്ടായിരുന്ന ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് പൊതുജനങ്ങളും ജീവനക്കാരും അനുഭവിച്ചിരുന്ന വലിയ ബുദ്ധിമുട്ടുകൾക്കാണ് ഇതോടെ ശാശ്വതപരിഹാരമായിരിക്കുന്നത്. പൊതുജനങ്ങൾക്കായി എം.എൽ.എ ഫണ്ടിൽ നിന്ന് ഇത്രയും തുക അനുവദിച്ച് സിവിൽ സ്റ്റേഷനിൽ ലിഫ്റ്റ് സ്ഥാപിച്ചത് മാതൃകാപരമാണ്. ആലുവയുടെ വികസന കാര്യത്തിൽ ഏറ്റവും താല്പര്യത്തോടെ ആവശ്യമായ ഇടപെടലുകൾ നടത്തി പദ്ധതികൾ അനുവദിപ്പിച്ച് നടപ്പിലാക്കുന്ന എം.എൽ.എയാണ് അൻവർ സാദത്ത്  എന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ ചെയർപെഴ്സൺ സൈജി,  ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ്മാരായ ലിസ്സി സെബാസ്റ്റ്യൻ, സെബ മുഹമ്മദലി, പഞ്ചായത്തു പ്രസിഡന്റുമാരായ സാജു മത്തായി, ജെർളി കപ്രശ്ശേരി, നസീർ ചൂർണ്ണിക്കര, മുനിസിപ്പൽ സ്റ്റാൻഡിംഗ്  കമ്മിറ്റി ചെയർമൻമാരായ പി.എം മൂസക്കുട്ടി, പി.പി ജെയിംസ്, ലിസ്സ ജോൺസൺ, ലളിത ഗണേശൻ, മിനി ബൈജു, വാർഡു കൗൺസിലർ ശ്രീലത രാധാകൃഷ്‌ണൻ, എ.ഡി.എം, കെ.മനോജ് , തഹസീൽദാർ ടിജോ ഫ്രാൻസിസ് , ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date