Skip to main content

അമ്മത്തൊട്ടിലിൽ ലഭിച്ച നവജാതശിശുവിനെ ചികിത്സയ്ക്ക് ശേഷം ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു; കുഞ്ഞ് ഇപ്പോൾ സ്പെഷ്യൽ അഡോപ്ഷൻ ഏജൻസിയുടെ സുരക്ഷിത കൈകളിൽ

 

കൊച്ചി:
എറണാകുളം ജനറൽ ഹോസ്പിറ്റൽ കോമ്പൗണ്ടിലെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാതശിശുവിനെ, വിദഗ്ധ ചികിത്സയ്ക്ക് ശേഷം ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയും (CWC) ജില്ലാ ശിശുസംരക്ഷണ യൂണിറ്റും (DCPU) ചേർന്ന് സർക്കാരിനായി ഏറ്റെടുത്തു.

 

​കഴിഞ്ഞ ജൂലൈ 14-ന് അർദ്ധരാത്രിയിലാണ് സംഭവം നടക്കുന്നത്. ജനറൽ ഹോസ്പിറ്റൽ കോമ്പൗണ്ടിലെ അമ്മത്തൊട്ടിലിൽ കുഞ്ഞിനെ സുരക്ഷിതമായി കിടത്തിയ ശേഷം, അജ്ഞാതനായ ഒരാൾ ഈ വിവരം ജനറൽ ഹോസ്പിറ്റൽ എക്സ്ചേഞ്ചിൽ വിളിച്ച് അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ ഹോസ്പിറ്റൽ അധികൃതർ കുഞ്ഞിനെ സുരക്ഷിതമായി കണ്ടെടുക്കുകയും, തുടർന്ന് ജനറൽ ആശുപത്രിയിലെ ശിശുപരിചരണ വിഭാഗത്തിലേക്ക് മാറ്റി ആവശ്യമായ വിദഗ്ധ ചികിത്സയും പരിചരണവും ഉറപ്പാക്കുകയും ചെയ്തു.
​ആശുപത്രി അധികൃതർ കുഞ്ഞ് ഡിസ്ചാർജ് ചെയ്യാൻ പാകത്തിൽ പൂർണ്ണ ആരോഗ്യവതി ആണെന്ന് അറിയിച്ചതിനെ തുടർന്നാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഔദ്യോഗികമായി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയത്.

 

ജനറൽ ഹോസ്പിറ്റൽ ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ബി. സെൻസി, നവജാത ശിശുരോഗ വിഭാഗം ഡോക്ടർമാർ എന്നിവരിൽ നിന്നുമാണ് കുഞ്ഞിനെ അധികൃതർ സർക്കാരിനു വേണ്ടി ഏറ്റുവാങ്ങിയത്.
​ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ഉല്ലാസ് മധു, കമ്മിറ്റി അംഗങ്ങളായ ഡോ. ബിനു സനാതനൻ, അഡ്വ. ശ്രീലക്ഷ്മി എം., സന്ധ്യ വി. കെ., ജിൻസിമോൾ കുരിയൻ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ ഡോ. ജയന്തി പി. നായർ, ചൈൽഡ് ലൈൻ സൂപ്പർവൈസർ ദീപക് എന്നിവർ കുഞ്ഞിനെ ഏറ്റുവാങ്ങുന്ന ചടങ്ങിൽ പങ്കെടുത്തു.
​ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, കുഞ്ഞിനെ കൂടുതൽ പരിചരണങ്ങൾക്കായി നവജാതശിശുക്കളുടെ പ്രത്യേക കേന്ദ്രമായ സ്പെഷ്യൽ അഡോപ്ഷൻ ഏജൻസിയിലേക്ക് (SAA) മാറ്റി നിലവിൽ സുരക്ഷിതമായി പാർപ്പിച്ചിരിക്കുകയാണ്.

date