സംസ്ഥാന നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് 389 തസ്തികകൾ; എക്‌സൈസ് ഉദ്യോഗസ്ഥരെ പുനർവിന്യസിച്ച് ഉത്തരവിറക്കി
സംസ്ഥാനത്ത് മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ കൂടുതൽ ഫലപ്രദമായി തടയുന്നതിനും അന്വേഷിക്കുന്നതിനുമായി എക്‌സൈസ് വകുപ്പിന് കീഴിൽ രൂപീകരിച്ച കേരള സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പ്രവർത്തനത്തിനായി എക്‌സൈസ് വകുപ്പിലെ നിലവിലുള്ള ഉദ്യോഗസ്ഥരെ പുനർവിന്യസിച്ചും അധിക ചുമതല നൽകിയും സർക്കാർ ഉത്തരവിറക്കി. പുതിയ തസ്തികകൾ സൃഷ്ടിക്കാതെയാണ് 367 തസ്തികകൾ പുനർവിന്യസിക്കുകയും 22 തസ്തികകൾക്ക് അധിക ചുമതല നൽകുകയും ചെയ്ത് ആകെ 389 തസ്തികകളോടെ ബ്യൂറോയുടെ പ്രവർത്തനം ആരംഭിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
ബ്യൂറോയുടെ ആസ്ഥാനം തിരുവനന്തപുരം എക്‌സൈസ് കമ്മിഷണറേറ്റിലായിരിക്കും. എക്‌സൈസ് കമ്മിഷണർ സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ തലവനായി പ്രവർത്തിക്കും. അഡീഷണൽ എക്‌സൈസ് കമ്മിഷണർ (അഡ്മിനിസ്‌ട്രേഷൻ), അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, ഫിനാൻസ് ഓഫീസർ എന്നിവർക്ക് ബ്യൂറോയിലും സമാന അധിക ചുമതലകൾ നൽകും.
ഓപ്പറേഷൻസ്, ഇന്റലിജൻസ്, റിസർച്ച് ആൻഡ് അനാലിസിസ്, സൈബർ ഇന്റലിജൻസ് ആൻഡ് സൈബർ ഓപ്പറേഷൻസ് എന്നീ നാല് പ്രധാന വിംഗുകളും ഓരോ ജില്ലയിലും ഓപ്പറേഷൻസ്, ഇന്റലിജൻസ് യൂണിറ്റുകളും പ്രവർത്തിക്കും. സൈബർ സുരക്ഷ, ഡിജിറ്റൽ ഫോറൻസിക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ വിദഗ്ധരുടെ സന്നദ്ധ ശൃംഖല രൂപീകരിക്കാനും ഉത്തരവിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
എക്‌സൈസ് ഉദ്യോഗസ്ഥരുടെ പുനർവിന്യാസം അടിയന്തരമായി പൂർത്തിയാക്കി സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പ്രവർത്തനം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ എക്‌സൈസ് കമ്മിഷണർക്ക് സർക്കാർ നിർദേശം നൽകി.
പി.എൻ.എക്‌സ്. 2632/2026
- Log in to post comments