മഞ്ചേരി മെഡിക്കല്‍ കോളേജിലെ നിര്‍മ്മാണം പൂര്‍ത്തിയാക്കണം. സാങ്കേതിക തടസ്സങ്ങള്‍ നീക്കണം
മഞ്ചേരി മെഡിക്കല്‍ കോളേജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും വിവിധ വികസന പദ്ധതികള്‍ക്ക് സാങ്കേതികവും ഭരണപരവുമായ അനുമതികള്‍ ലഭ്യമാക്കുന്നതിനുമുള്ള നടപടി സ്വീകരിക്കാന്‍ അഡ്വ. റഹ്മത്തുള്ള എം എല്‍ എ യുടെ അധ്യക്ഷതയില്‍ മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. നിര്‍മ്മാണം പുരോഗമിക്കുന്ന പദ്ധതികള്‍ക്കുള്ള തടസ്സങ്ങളും അടിയന്തരമായി മാറ്റണമെന്ന് എം എല്‍ എ ആവശ്യപ്പെട്ടു. മഞ്ചേരി മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പുരോഗതി അവലോകനം ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍, മെഡിക്കല്‍ കോളേജ്, നഴ്‌സിംഗ് സ്‌കൂള്‍-കോളേജ് അധികൃതര്‍, ബന്ധപ്പെട്ടമറ്റു വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തിലാണ് തീരുമാനം.
23 കോടി ചെലവില്‍ നിര്‍മാണം പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന ക്രിറ്റിക്കല്‍ കെയര്‍ യൂണിറ്റ,് എം.ആര്‍.ഐ സ്‌കാനിങ് ഇന്‍സ്റ്റലേഷന്‍, ജനറേറ്റര്‍, ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കല്‍, റാമ്പ് നിര്‍മ്മാണം, ലിഫ്റ്റ് സ്ഥാപിക്കല്‍, ഓഡിറ്റോറിയം നിര്‍മ്മാണം, പീഡിയാട്രിക് ഐ.സി.യു പ്രവര്‍ത്തനമാരംഭിക്കല്‍ നഴ്‌സിംഗ് കോളേജിന് സ്ഥലം ഏറ്റെടുക്കല്‍, ഒ.പി ആന്‍ഡ് റേഡിയോളജി ബ്ലോക്ക് നിര്‍മ്മാണം തുടങ്ങി അടിയന്തിരമായി പൂര്‍ത്തിയാക്കേണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം. ജില്ലയിലെ നല്ലൊരു ശതമാനം ആളുകള്‍ ആശ്രയിക്കുന്ന മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും വിവിധ വകുപ്പുകള്‍ യോജിച്ച് പ്രവര്‍ത്തിക്കണം. സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കേണ്ട പദ്ധതികള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഫോളോ അപ്പ് നടത്തണം. നഴ്‌സിംഗ് സ്‌കൂളിന് 2016 ല്‍ 14 കോടി രൂപ ഫണ്ട് അനുവദിച്ചെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സാധിച്ചിട്ടില്ല. ചെരണി ക്ഷയരോഗ ആശുപത്രിയോട് ചേര്‍ന്നുള്ള സ്ഥലം നഴ്‌സിംഗ് സ്‌കൂള്‍ നിര്‍മ്മാണത്തിന് അനുയോജ്യമാണോ എന്ന് രണ്ട് ദിവസത്തിനകം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം. ഫയര്‍ എന്‍.ഒ.സി ലഭിക്കാനുള്ള കെട്ടിടങ്ങള്‍ക്ക് എന്‍.ഒ.സി ലഭിക്കുന്നതിന് നിര്‍മ്മാണ ഏജന്‍സി മുന്‍കൈയ്യെടുക്കണം. ക്രിറ്റിക്കല്‍ കെയര്‍ യൂണിറ്റ് ബില്‍ഡിങ് പണി പൂര്‍ത്തിയാക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന മണ്ണ് അടിയന്തരമായി നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. നിസ്സാര കാര്യങ്ങളുടെ പേരിലോ സാങ്കേതികത്വത്തിന്റെ പേരിലോ മെഡിക്കല്‍ കോളേജിലെ വികസനം തടസ്സപ്പെടുന്നത് അനുവദിക്കാനാവില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയല്‍ പറഞ്ഞു.
രണ്ടാഴ്ചയിലൊരിക്കല്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി, നഗരസഭ അധികൃതര്‍ എന്നിവര്‍ യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തും. മാസത്തിലൊരിക്കല്‍ സ്ഥലം എംഎല്‍എ, ജില്ലാ കലക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തും
യോഗത്തില്‍ നഗര സഭ ചെയര്‍മാന്‍ വല്ലാഞ്ചിറ അബ്ദുല്‍ മജീദ്, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ബീന ജോസഫ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റിസ്‌വാന സാദിഖ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ റഷീദ് ബാബു. പി, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.ഇസ്മയില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോക്ടര്‍ ഷീനാ പി എസ്, സൂപ്രണ്ട് ഡോ. പ്രഭുദാസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അനൂപ് ടി.ന്‍, സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പ്രസന്നന്‍, ലേ സെക്രട്ടറി മുജീബ് റഹ്മാന്‍ എ.പി, പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജസ്റ്റിന്‍, ഇലക്ട്രിക്കല്‍ വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ബഷീര്‍ അഹമ്മദ് സി.പി, പൊതുമരാമത്ത് വകുപ്പ്, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി വിഭാഗം, ജിയോളജി വകുപ്പു ഉദ്യോഗസ്ഥര്‍, മെഡിക്കല്‍ കോളേജ് വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
- Log in to post comments