Skip to main content

പട്ടികജാതി വിദ്യാർത്ഥികൾക്ക് മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ് പരിശീലനം: 'വിഷൻ പ്ലസ്' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

 പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന 'വിഷൻ പ്ലസ്' പദ്ധതി പ്രകാരം, പ്ലസ്ടു/വിഎച്ച്എസ്ഇ പഠനത്തിന് ശേഷം മെഡിക്കൽ, എഞ്ചിനീയറിംഗ് എൻട്രൻസ് പരിശീലനം നേടുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ തീവ്ര പരിശീലനത്തിനായി 54,000/- രൂപയാണ് പദ്ധതിയിലൂടെ അനുവദിക്കുന്നത്. 2026-2027 അധ്യയന വർഷത്തെ പദ്ധതിയിലേക്കാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.  അപേക്ഷിക്കുന്നവരുടെ കുടുംബ വാർഷിക വരുമാനം ആറ് ലക്ഷം രൂപയിൽ കവിയരുത്. സ്റ്റേറ്റ് സിലബസുകാർക്ക് മെഡിക്കൽ പരിശീലനത്തിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളിലും; എഞ്ചിനീയറിംഗ് പരിശീലനത്തിന് ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ഇംഗ്ലീഷ് വിഷയങ്ങളിലും കുറഞ്ഞത് ബി+ ഗ്രേഡ് ഉണ്ടായിരിക്കണം. സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് മേൽപ്പറഞ്ഞ വിഷയങ്ങളിൽ കുറഞ്ഞത് എ2 ഗ്രേഡും, ഐസിഎസ്ഇ വിദ്യാർത്ഥികൾക്ക് എ ഗ്രേഡും ഉണ്ടായിരിക്കണം.  കൂടാതെ, മുൻവർഷങ്ങളിൽ വകുപ്പിന്റെ വിഷൻ പദ്ധതിയിൽ പങ്കെടുത്തു നീറ്റ് പരീക്ഷ എഴുതി 75 ശതമാനം സ്കോർ നേടിയവർക്കും, ആരോഗ്യപരമായ കാരണങ്ങളാൽ പരീക്ഷ എഴുതാൻ സാധിക്കാത്തവർക്കും ഒരു തവണ കൂടി അപേക്ഷിക്കാം. സ്വന്തം നിലയ്ക്ക് നീറ്റ് പരീക്ഷ എഴുതി 75 ശതമാനം സ്കോർ നേടിയവർക്ക് രണ്ട് വർഷത്തിനുള്ളിൽ വിഷൻ പ്ലസ് വഴി റിപ്പീറ്റ് ചെയ്യുന്നതിനും അപേക്ഷിക്കാവുന്നതാണ്. സംസ്ഥാന തലത്തിൽ എംപാനൽ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിശീലനത്തിനായി ചേരാം.  താത്പര്യമുള്ള വിദ്യാർത്ഥികൾ തങ്ങൾ പഠിക്കുന്ന സ്ഥാപനം എംപാനൽ ലിസ്റ്റിൽ ഉണ്ടോ എന്ന വിവരം അതത് ബ്ലോക്ക്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ പട്ടികജാതി ഓഫീസുകളിൽ നിന്നും ഉറപ്പുവരുത്തണം. അപേക്ഷകൾ 2026 സെപ്റ്റംബർ 30ന് വൈകീട്ട് അഞ്ചിനകം അതത് ബ്ലോക്ക് പട്ടികജാതി ഓഫീസിലോ അയ്യന്തോൾ സിവിൽ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിലോ സമർപ്പിക്കണം.

date