സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു
2026-27 വർഷത്തെ സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പ് (Component II) പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. അനാരോഗ്യകരമായ ചുറ്റുപാടുകളിൽ ജോലി ചെയ്യുന്നവരുടെ ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന മക്കൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർക്ക് ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം. സാധുവായ യു-ഡൈസ് കോഡുള്ള സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായിരിക്കും ആനുകൂല്യം ലഭിക്കുക. അപേക്ഷകരുടെ ജാതി, മതം, കുടുംബ വാർഷിക വരുമാനം എന്നിവ ബാധകമല്ല. അപേക്ഷകരുടെ മാതാപിതാക്കൾ അല്ലെങ്കിൽ രക്ഷിതാക്കൾ അനാരോഗ്യകരമായ ചുറ്റുപാടുകളിൽ ജോലി ചെയ്യുന്നവരാണെന്ന് തെളിയിക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെയോ സോഷ്യൽ ജസ്റ്റിസ് ഓഫീസറുടെയോ സാക്ഷ്യപത്രം ഹാജരാക്കണം. ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് നിശ്ചിത സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം പത്ത് ശതമാനം തുക അധികമായി ലഭിക്കും. ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്നവരാണെങ്കിൽ അത് തെളിയിക്കുന്ന സാക്ഷ്യപത്രവും നൽകണം. അതേസമയം, ഹരിതകർമസേന പ്രവർത്തകരുടെ ആശ്രിതർക്ക് ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കില്ല. 2025-26 വർഷം ഇതേ പദ്ധതിക്കായി അപേക്ഷ നൽകിയിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പ് കംപോണന്റ്-I അല്ലെങ്കിൽ കംപോണന്റ്-II എന്നിവയിൽ ഏതെങ്കിലും ഒരു സ്കോളർഷിപ്പിന് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. ക്ഷേമാധിഷ്ഠിത സ്കോളർഷിപ്പുകൾ ലഭിക്കുന്ന ഒരു വിദ്യാർത്ഥിക്ക് മെരിറ്റ് സ്കോളർഷിപ്പിനും അർഹതയുണ്ടായാൽ രണ്ട് സ്കോളർഷിപ്പുകളും ഒരേസമയം വാങ്ങാം. അർഹരായ വിദ്യാർത്ഥികൾ ആവശ്യമായ രേഖകൾ നിലവിൽ പഠിക്കുന്ന സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ടതാണ്. സ്ഥാപന മേധാവികൾ ഇ-ഗ്രാന്റ്സ് ലോഗിൻ മുഖേന അപേക്ഷകൾ ഓൺലൈനായി ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസർമാർക്ക് സമർപ്പിക്കണം. ഓൺലൈനായി അയച്ചതിനു ശേഷം സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സ്കൂളുകൾ മുഖേന ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളുമായോ തൃശൂർ ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടുക. ഫോൺ: 0487-2360381.
- Log in to post comments