Skip to main content

കേരള കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയൻ ഉദ്ഘാടനവും സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ധനസഹായ വിതരണവും മന്ത്രി ടി. സിദ്ദിഖ് നിര്‍വ്വഹിച്ചു

 

കാര്‍ഷിക സര്‍വകലാശാല പ്രൊ-ചാന്‍സിലറും കൃഷി വകുപ്പ് മന്ത്രിയുമായ ടി. സിദ്ദിഖ് കേരള കാര്‍ഷിക സര്‍വകലാശാലയുടെ വിദ്യാര്‍ഥി യൂണിയന്റെ ഉദ്ഘാടനവും സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ധനസഹായ വിതരണവും നിര്‍വ്വഹിച്ചു. കേരള കാര്‍ഷിക സര്‍വകലാശാല അന്‍പതാണ്ടിന്റെ മഹത്തായ ഒരു പ്രയാണത്തിന്റെ ദിശപാകിയ കരുത്തുള്ള ഒരു പ്രസ്ഥാനമാണെന്നും കേരളത്തിന്റെ കാര്‍ഷിക സമൃദ്ധിയുടെ നട്ടെല്ലായി പ്രവര്‍ത്തിച്ച ഏറ്റവും പ്രധാനപ്പെട്ട വിജ്ഞാന ദായക കേന്ദ്രമാണ് യൂണിവേഴ്‌സിറ്റി എന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.     

 

കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കര ക്യാംപസിലെ കെ.എ.യു. സെന്‍ട്രല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കെ.എ.യു. വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഹരിനന്ദ് അധ്യക്ഷത വഹിച്ചു. കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസ്സര്‍ (ഡോ) ടി. സജിതാ റാണി രക്ഷാധികാരി സന്ദേശം നല്‍കി. യൂണിയന്‍ ഭാരവാഹികള്‍ക്കുള്ള സത്യപ്രതിജ്ഞ വൈസ് ചാന്‍സലര്‍ ചൊല്ലിക്കൊടുത്തു. 

 

ജനറല്‍ കൗണ്‍സില്‍ അംഗവും എം.എല്‍.എ യുമായ ഐ.സി ബാലകൃഷ്ണന്‍ ഐ.സി.എ.ആര്‍ എസ്.സി.എസ്.പി/ ടി.എസ്.പി പദ്ധതികളിലെ കാര്‍ഷിക ഉപാധികളുടെ വിതരണവും നവീകരിച്ച വിജ്ഞാന വിപണന കേന്ദ്രം ഉദ്ഘാടനവും നിര്‍വ്വഹിച്ചു. ജനറല്‍ കൗണ്‍സില്‍ അംഗവും എം.എല്‍.എ യുമായ സനീഷ് കുമാര്‍ ജോസഫ് കെ-അഗ്രി ടെക് ലോഞ്ച് പാഡ് ഉദ്ഘാടനവും വിദ്യാര്‍ത്ഥികള്‍ക്കായുള്ള 'പഠനത്തോടൊപ്പം വരുമാനം' പദ്ധതി ഉദ്ഘാടനവും നിര്‍വഹിച്ചു. കേരള കാര്‍ഷിക സര്‍വ്വകലാശാല രജിസ്ട്രാര്‍, പ്രൊഫസ്സര്‍ (ഡോ) എഫ്. മേരി റജീന, ഡയറക്ടര്‍ ഓഫ് എഡ്യൂക്കേഷന്‍നും വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പേട്രണുമായ ഡോ. അബ്ദുല്‍ ഹക്കിം, കേരള വെറ്റിനറി സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. സബിന്‍ ജോസഫ്, വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്റ് കെ. നീനു തുടങ്ങിയവര്‍ സംസാരിച്ചു. 

 

കേരള കാര്‍ഷിക സര്‍വ്വകലാശാല ജനറല്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും മറ്റ് അംഗങ്ങളെയും കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് കാര്‍ഷിക സര്‍വ്വകലാശാലയില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. എം.എല്‍.എ മാരായ സനീഷ്‌കുമാര്‍ ജോസഫ്, ഐ.സി ബാലകൃഷ്ണന്‍, ഡോ. ഡി. ധലിന്‍, ജോണ്‍ കോശി, പി.എച്ച് ഹനീഷ്, എ. അജ്മല്‍ രാസിഖ് എന്നിവരെയാണ് മന്ത്രി ആദരിച്ചത്. വെള്ളാനിക്കര ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ കെ.എ.യു പെന്‍ഷനേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് വി. ബാലഗോപാലന്‍ അധ്യക്ഷത വഹിച്ചു. 

 

കെ.എ.യു. ജനറല്‍ കൗണ്‍സില്‍ അംഗങ്ങളും അക്കാദമിക് കൗണ്‍സില്‍ അംഗങ്ങളും, ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും വിവിധ സംഘടനാ നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിനുശേഷം പ്രശസ്ത ഗായകന്‍ കെ.എസ്. ഹരിശങ്കറിന്റെ സംഗീത പരിപാടിയും അരങ്ങേറി.

date