ഉന്നതികളില്‍ കുടിവെള്ളമെത്തിക്കണം: ജില്ലാ കളക്ടര്‍
ജില്ലയില്‍ കുടിവെള്ള ക്ഷാമം നേരിടുന്ന 44 ഉന്നതികളില്‍ കുടിവെള്ളമെത്തിക്കുന്നതിന് സത്വര നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് നിര്‍ദേശം നല്‍കി. വാട്ടര്‍ അതോറിറ്റി, ജലനിധി, ഭൂജല വകുപ്പ് തുടങ്ങിയ വകുപ്പുകള്‍ക്കാണ് കളക്ടര്‍ നിര്‍ദേശം നല്‍കിയത്. ജലജീവന്‍ മിഷന്‍ മിഷന്‍ പദ്ധതികളുടെയും ജില്ലാതല ജല ശുചിത്വ മിഷന്‍ പ്രവര്‍ത്തനങ്ങളുടെയും പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം. .
ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തി. വാട്ടര്‍ അതോറിറ്റി, ഭൂജല വകുപ്പ്, ജലനിധി എന്നിവയാണ് ജലജീവന്‍ മിഷന്റെ നിര്‍വഹണ ഏജന്‍സികള്‍. വാട്ടര്‍ അതോറിറ്റി തൊടുപുഴ ഡിവിഷന്റെ കീഴില്‍ 25509 കണക്ഷനുകള്‍ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. ഇതില്‍ 23579 കണക്ഷനുകള്‍ക്കുള്ള ജോലികള്‍ കരാറുകാരെ ഏല്‍പ്പിച്ചു. 13859 കണക്ഷനുകള്‍ പൂര്‍ത്തിയായി. ഉടുമ്പന്നൂര്‍ പഞ്ചായത്തില്‍ ആറ് ടാങ്കുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. പമ്പ് സെറ്റിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനുണ്ട്.
പൈനാവ് ഡിവിഷനില്‍ 28381 കണക്ഷനുകള്‍ക്കാണ് അനുമതി. 18970 കണക്ഷനുകള്‍ക്കുള്ള ജോലികള്‍ കരാറുകാരെ ഏല്‍പ്പിച്ചു. 6761 കണക്ഷനുകളാണ് പൂര്‍ത്തീകരിച്ചത്.
കട്ടപ്പന ഡിവിഷനില്‍ 179829 കണക്ഷനുകള്‍ക്കാണ് അനുമതി ലഭിച്ചത്. ഇതില്‍ 170309 കണക്ഷനുകളുടെ ജോലികള്‍ കരാറുകാരെ ഏല്‍പ്പിച്ചു. 13978 കണക്ഷനുകള്‍ പൂര്‍ത്തിയായി.
കട്ടപ്പന പ്രൊജക്ട് ഡിവിഷന്റെ പരിധിയില്‍ 22 ജലശുദ്ധീകരണശാലകളുടെ പ്രവര്‍ത്തികളാണുള്ളത്. ഇതില്‍ 3 എണ്ണം പൂര്‍ത്തിയായി. 13 എണ്ണം ടെന്‍ഡര്‍ നടപടികളിലാണ്.
ജലനിധിയുടെ കീഴില്‍ 3946 കണക്ഷനുകള്‍ക്കാണ് അനുമതി ലഭിച്ചത്. ഇതില്‍ 3602 കണക്ഷനുകള്‍ നല്‍കി.
ഭൂജല വകുപ്പിനു കീഴില്‍ 3937 ഭരണാനുമതി ലഭിച്ചത്. ഇതില്‍ ആവശ്യമുള്ള 560 കണക്ഷനുകളില്‍ 485 എണ്ണം പൂര്‍ത്തിയായി.
കരിമണ്ണൂര്‍ പഞ്ചായത്തില്‍ 25 കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് വനഭൂമിയിലൂടെ പൈപ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ അനുമതി വേഗത്തിലാക്കാന്‍ ഡിഎഫ്ഒയ്ക്ക് നിര്‍ദേശം നല്‍കി.
ജില്ലാതല ജല ശുചിത്വ മിഷന്‍ മെംബര്‍ സെക്രട്ടറി ടി.എന്‍. സജി, പൊതുമരാമത്ത് വകുപ്പ്, ജലനിധി, ഭൂജല വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments